30.1 C
Kollam
Thursday 8th October, 2026 | 12:57:01 PM
Home News Kerala നടുറോഡില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിപ്പിച്ച് അഭ്യാസം

നടുറോഡില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിപ്പിച്ച് അഭ്യാസം

കോഴിക്കോട്: നടുറോഡില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിപ്പിച്ച് അഭ്യാസം. കോഴിക്കോട് കോട്ടൂളിയാണ് സ്വകാര്യ ബസുകള്‍ മനഃപൂര്‍വ്വം അപകടമുണ്ടാക്കിയത്. സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഈ അഭ്യാസ പ്രകടത്തിന് അടിസ്ഥാനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

മുക്കം അരീക്കോട് ഭാഗത്തേക്ക് പോകുന്ന വടക്കേടന്‍ എന്ന ബസിലെ ജീവനക്കാരും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകുന്ന ഹസ്ബി ബസിലെ ജീവനക്കാരും തമ്മിലാണ് തര്‍ക്കമുണ്ടായത്. കോട്ടൂളി സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട ബസിനു മുന്നില്‍ തടസ്സമുണ്ടാക്കി നിര്‍ത്തിയ ഹസ്ബി ബസ് തര്‍ക്കത്തിനു പിന്നാലെ റിവേഴ്‌സ് ഗിയറിട്ട് പിന്നിലേക്ക് ഓടിച്ച് വടക്കേടന്‍ ബസില്‍ ഇടിക്കുകയായിരുന്നു. ഇത് സംഭവിക്കുമ്പോള്‍ രണ്ടു ബസിലും യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇടിച്ച ബസ് നിര്‍ത്താതെ മുന്നോട്ടു പോകുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ട്. ബസിന് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാരന്‍ തലനാരിഴയ്ക്ക് ആണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. അതേസമയം, സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.

അപകടമുണ്ടാക്കാന്‍ ശ്രമിച്ച ബസിലെ ഡ്രൈവറുടെ ലൈസന്‍സ് റദാക്കണമെന്നും സംഭവത്തില്‍ കേസെടുക്കണമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. വീഡിയോ വ്യാപകമായതോടെ രൂക്ഷ പ്രതികരണങ്ങളാണ് ഉയരുന്നത്. രണ്ട് ബസും നിരത്തില്‍ ഇറക്കരുതെന്നും പെര്‍മിറ്റ് റദാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.