26.1 C
Kollam
Wednesday 8th July, 2026 | 02:47:49 AM
Home News Kerala വിമാനം അസാധാരണമായ രീതിയില്‍ താഴ്ന്നുപറന്നു…. വീടിന്റെ ഓടുകള്‍ പറന്നുപോയി

വിമാനം അസാധാരണമായ രീതിയില്‍ താഴ്ന്നുപറന്നു…. വീടിന്റെ ഓടുകള്‍ പറന്നുപോയി

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങാനെത്തിയ വിമാനം അസാധാരണമായ രീതിയില്‍ താഴ്ന്നുപറന്നതിനെത്തുടര്‍ന്ന് വീടിന്റെ ഓടുകള്‍ പറന്നുപോയി. വിമാനത്തില്‍ നിന്നുണ്ടായ വായുസമ്മര്‍ദ്ദം കാരണം വീടിന്റെ മേല്‍ക്കൂരയിലെ നൂറിലധികം ഓടുകളാണ് പറന്നുപോയത്. പെരുമ്പാവൂര്‍ ഒക്കല്‍ നമ്പിള്ളി കവലയിലെ മാണിക്കത്താന്‍ എം വി ജോയിയുടെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്.

കഴിഞ്ഞദിവസം വൈകിട്ടായിരുന്നു നാടിനെ ആശങ്കയിലാഴ്ത്തിയ ഈ സംഭവം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനായി വിമാനം ഒക്കല്‍ മേഖലയ്ക്ക് മുകളിലൂടെ അസാധാരണമായി താഴ്ന്നുപറക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വിമാനം കടന്നുപോയതിന് പിന്നാലെ ഉണ്ടായ ശക്തമായ കാറ്റില്‍ ജോയിയുടെ വീടിന്റെ മേല്‍ക്കൂരയിലെ നൂറിലധികം ഓടുകള്‍ ഇളകി താഴേക്ക് പതിക്കുകയായിരുന്നു.

ഈ മേഖലയില്‍ വിമാനങ്ങള്‍ താഴ്ന്നുപറന്ന് നാശനഷ്ടമുണ്ടാകുന്നത് ഇതാദ്യമല്ലെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്. മുന്‍പ് ഇതേ പ്രദേശത്തുള്ള പണ്ടാല പ്രസാദ് എന്നയാളുടെ വീടിന്റെ മേല്‍ക്കൂരയ്ക്കും സമാനമായ രീതിയില്‍ മൂന്ന് തവണ കേടുപാടുകള്‍ സംഭവിച്ചിരുന്നു.

ഇതുസംബന്ധിച്ച് മുന്‍പ് കൊച്ചി രാജ്യാന്തര വിമാനത്താവള അതോറിറ്റിക്ക് (സിയാല്‍) പരാതി നല്‍കിയിരുന്നെങ്കിലും അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകും വിധം വിമാനങ്ങള്‍ താഴ്ന്നുപറക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.