കുന്നത്തൂർ:കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിലെ കൊടും വളവിൽ അജ്ഞാത വാഹനം ഇടിച്ച് മുറിഞ്ഞു മാറിയ ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിച്ചു.11 കെ.വി ലൈനുകൾ കടന്നുപോകുന്ന ഇലക്ട്രിക് പോസ്റ്റ് രണ്ടായി മുറിഞ്ഞ് മാറി അപകട ഭീഷണിയായി മാറിയിട്ടും നടപടിയെടുക്കാൻ കെഎസ്ഇബി കടമ്പനാട് സെക്ഷൻ അധികൃതർ തയ്യാറായില്ല.തുടർന്ന് നിയുക്ത എംഎൽഎ ഉല്ലാസ് കോവൂർ കെഎസ്ഇബിയുടെ ഉന്നത അധികൃതരെ അറിയിച്ചതോടെയാണ് മൂന്നാം ദിവസം നടപടിയുണ്ടായത്.
ക്ലാമ്പ് ചെയ്ത് വച്ചിരിക്കുന്ന പോസ്‌റ്റായതിനാൽ കാറ്റടിച്ചാൽ വീഴുകയില്ലെന്ന നിലപാടിലായിരുന്നു കെഎസ്ഇബി കടമ്പനാട് സെക്ഷൻ.എന്നാൽ വേനൽ മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ പ്രദേശവാസികൾ ആശങ്കയിലായിരുന്നു.അതിനിടെ ക്രെയിൻ ഉപയോഗിച്ച് മുറിഞ്ഞു മാറിയ പോസ്റ്റ് നീക്കുന്നതിനിടെ സമീപത്തെ മറ്റ് ചില പോസ്റ്റുകളും ഒടിഞ്ഞു വീഴുകയുണ്ടായി.
ഇതിനാൽ മേഖലയിൽ രാവിലെ നിലച്ച വൈദ്യുതി വൈകിട്ടോടെയാണ് പുന:സ്ഥാപിച്ചത്.കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷന് സമീപത്തെ എൽ.പി സ്‌കൂളിനു മുൻപിൽ ദിവസങ്ങൾക്കു മുമ്പ് അർദ്ധരാത്രിയിലാണ് സംഭവം.പുത്തൂർ ഭാഗത്തു നിന്നും എത്തിയ വാഹനം വളവ് തിരിയുന്നതിനിടയിൽ ഇടത്തോട്ട് കയറി സ്‌കൂളിന് സമീപത്തെ പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു.റോഡ് ടാറിംഗിൻ്റെ ഭാഗമായി ഗതാഗത നിയന്ത്രണത്തിന് വച്ചിരുന്ന ബോർഡുകളും തകർന്നു.അപകടം സൃഷ്‌ടിച്ചവർ വാഹനവുമായി കടന്നുകളഞ്ഞു.


































