പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

കരുനാഗപ്പള്ളി.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസിന്‍റെ പിടിയിലായി. കരുനാഗപ്പള്ളി കല്ലേലിഭാഗം, ശംഭോളി തറയില്‍ നൗഫല്‍ (19) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ സ്കൂള്‍ കലോല്‍സവത്തിന് നൗഫല്‍ പെണ്‍കുട്ടിയുമായി സുഹൃത്ത് ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജനുവരി മാസത്തില്‍ പ്രതി പരിചയം മുതലെടുത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയം അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തുകയും വിവരം പുറത്ത് പറയാതിരിക്കുവാനായി ഭീഷണിപ്പെടുത്തുകയും ചെയ്തു.

സ്കൂളില്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തു അറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കളുടെ നിര്‍ദ്ദേശാനുസരണം കുട്ടി കരുനാഗപ്പള്ളി പോലീസിന് മൊഴി നല്‍കുകയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പോലീസ് ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനായത്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജു വിയുടെ നേതൃത്വത്തില്‍ എസ്.ഐ ഷാജിമോന്‍, എഎസ്.ഐ വേണു ഗോപാല്‍ സിപിഓ മാരായ ഹാഷിം, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്യ്തു.

Advertisement