കൂടൽമാണിക്കം തച്ചുടയകയ്മൾ കരുനാഗപ്പള്ളിക്കാരൻ!

കരുനാഗപ്പള്ളിരേഖകൾ -18
ഡോ. സുരേഷ്മാധവ്

കയ്മൾ എന്നാൽ “കോയ്മയാൾ “എന്നർത്ഥം. കേരളചരിത്രത്തിൽ നിരവധി കയ്മൾമാരെ കാണുന്നുണ്ട്. ദേശവാഴിയ്ക്ക് പുറമെ, മാടമ്പിയ്ക്കുള്ള പതിനെട്ടവകാശങ്ങളിൽ കോയ്മസ്ഥാനം ആളുന്ന വ്യക്തിയ്ക്ക് “കയ്മൾ “സ്ഥാനം നിർണയിച്ചിട്ടുണ്ട്.മൂവായിരം ഭടന്മാരുള്ള നാടുവാഴിയ്ക്ക് കർത്താവ്, കയ്മൾ എന്നീപദവികൾ നല്കപ്പെട്ടിരുന്നു. കായംകുളം രാജാവിന്റെ സാമന്തന്മാരായിരുന്ന കരുനാഗപ്പള്ളി നാലുവീട്ടിൽ കുറുപ്പന്മാരിൽപെട്ട കുമാരകുറുപ്പാണ് ആദ്യത്തെ തച്ചുടയകയ്മളായി 1342ൽ ഇരിങ്ങാലക്കുട കൂടൽമാണിക്കം ക്ഷേത്രത്തിൽ അവരോധിക്കപ്പെട്ടത്.

1749ൽ കായംകുളം രാജ്യം തിരുവിതാംകൂറിനോട് ചേർക്കപ്പെട്ടപ്പോൾ, നാലുവീടന്മാരുടെ സേവനസാമർഥ്യം മാർത്താണ്ഡവർമ മുതലാക്കി. നാലുവീടരെ തിരുവനന്തപുരത്ത് വസ്തുവകകൾ നൽകി സംരക്ഷിച്ചു. ഇവരിൽ, കരുനാഗപ്പള്ളിയിൽ നിന്ന് അനന്തപുരിയിലേയ്ക്ക് കുടിയേറിയവരാണ് മുണ്ടനാട് കുടുംബക്കാർ. അവരുടേതായിരുന്നു ശാസ്‌തമംഗലത്തിന്റെ മുക്കാൽഭാഗവുമെന്ന് “കൂടൽമാണിക്കം ക്ഷേത്രവും തച്ചുടയകയ്മളും “എന്ന പഠനഗ്രന്ഥത്തിൽ വൈക്കം വിവേകാനന്ദൻ രേഖപ്പെടുത്തിയിട്ടുണ്ട്.

മണ്ണടി ഭഗവതിയെ ഭരദേവതയായി ആരാധിച്ചിരുന്ന നാലുവീട്ടിൽ കുറുപ്പന്മാർ പട്ടത്ത് മണ്ണടിഭഗവതിക്ഷേത്രം നിർമിക്കുകയുണ്ടായി. മുണ്ടനാട് ഭാസ്കരക്കുറുപ്പായിരുന്നു (1895-1991)അവസാനത്തെ തച്ചുടയകയ്മൾ. കൊച്ചി രാജാവ് നിയമിച്ച ജുഡീഷ്യൽ കമ്മീഷന് തച്ചുടയ കയ്മൾ കൊടുത്ത പ്രസ്താവന(1930)യിൽ, ഇരിങ്ങാലക്കുടയിലെ കയ്മൾ അവരോധം പോലെ പെരുവനം, ഇളങ്കുന്നപ്പുഴ, കരുനാഗപ്പള്ളി, തിരുവില്വാമല, വൈക്കം തുടങ്ങിയ പല ക്ഷേത്രങ്ങളിലും ഉണ്ടായിരുന്നു എന്നു സൂചിപ്പിക്കുന്നു.

തിരുവിതാംകൂർ പുരാവസ്തുവകുപ്പ് സൂക്ഷിച്ചിട്ടുള്ള ദേവസ്വംരേഖകളിൽ “മരുതൂർകുളങ്ങരക്ഷേത്രം, കോലകത്ത് കുറുപ്പ് എന്ന മേലാന കയ്മളുടെ വകയാണ് “എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. കോലകത്ത് കുറുപ്പിന്റെ പിന്മുറക്കാരനായ പള്ളിക്കൽവീട്ടിൽപെരുമാൻ ഗോവിന്ദനെക്കുറിച്ചും അദ്ദേഹത്തിന്റെ മരണശേഷം (1824)ശേഷക്കാരന്മാർ, ഊരായ്മസ്ഥാനം അനുഭവിച്ചുവരുന്നതിനെക്കുറിച്ചും പറയുന്നു.

Advertisement