സി ആർ മഹേഷ് എംഎൽഎക്കെതിരെ അക്രമം നടത്തിയിട്ടും എതിരെ കേസെടുത്ത പോലീസ് നടപടി ധിക്കാരം, കെസി വേണുഗോപാല്‍ എംപി

കരുനാഗപ്പള്ളി. തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെ സി ആർ മഹേഷ് എംഎൽഎയെ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തിയും വടികൊണ്ട് പുറത്തും തലയിലും അടിച്ചും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ഇടതു പ്രവർത്തകർക്കെതിരെ കേസെടുക്കാതെ എംഎൽഎ ഉൾപ്പെടെയുള്ള 12 പേർക്കെതിരെ തെറ്റായ രീതിയിൽ കേസെടുത്ത പോലീസ് നടപടി ധിക്കാരമാണെന്നും നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും കെ സി വേണുഗോപാൽ എംപി. എംഎൽഎക്ക് നേരെ മനപൂര്‍വം ക്രൂരമായ മർദ്ദനം അഴിച്ചു വിട്ടത് വാർത്താമാധ്യമങ്ങളിലൂടെയും അല്ലാതെയും പൊതുജനങ്ങൾ കണ്ട് ബോധ്യപ്പെട്ടതാണ് അക്രമം ചെയ്ത സിപിഎം പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് കൈക്കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ വിശ്വാസം ആർജിക്കുകയും സാധാരണ ജനങ്ങളോടൊപ്പം പൊരുതുകയും ചെയ്യുന്ന സി ആർ മഹേഷ് എംഎൽഎയെ മനപ്പൂർവം കൊലപ്പെടുത്തുന്നതിനുള്ള കുൽസിത ശ്രമമാണ് ഇടതുപക്ഷ പ്രവർത്തകർ നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.

ഐക്യ ജനാധിപത്യമുന്നണിയുടെ മൂന്നോളം തെരഞ്ഞെടുപ്പ് വാഹനങ്ങൾ അടിച്ചു തകർത്തു ഇരുപതോളം പ്രവർത്തകർകല്ലേറിലും കണ്ണൂരിലെ പാനൂരിൽ നടത്തിയത് പോലുള്ള ബോംബ് ആക്രമണത്തിലും പരിക്കേറ്റ് ചികിത്സയിലാണ്. ഇതൊന്നും കാണാതെ ഭരണ മുണ്ടെന്ന ധിക്കാരത്തില്‍ മുൻ നഗരസഭ ചെയർമാൻ എം അൻസാർ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ വ്യാജ കേസ് രജിസ്റ്റർ ചെയ്ത പോലീസ് നടപടി അത്യന്തംപ്രതിഷേധാർഹമാണെന്ന് കെ സി വേണുഗോപാല്‍ എംപി അറിയിച്ചു. വ്യക്തവും സത്യസന്ധവുമായ അന്വേഷണം നടത്താത്ത പക്ഷം പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ സി രാജൻ ഭാരവാഹികളായ കെ ജവാദ് ബി എസ് വിനോദ് തൊടിയൂർ രാമചന്ദ്രൻ കെ ജി രവി ഉൾപ്പെടെയുള്ള നേതാക്കൾ അറിയിച്ചു

Advertisement