സംസ്ഥാനത്ത് വിവിധ ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി വ്യാപക പരാതി

സംസ്ഥാനത്ത് വിവിധ ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി വ്യാപക പരാതി. ഇടുക്കി ചക്കുപളളത്ത് കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ യുഡിഎഫ് ബൂത്ത് ഏജൻറുമാർ തടഞ്ഞ് പൊലീസിന് കൈമാറി. തിരുവനന്തപുരം മലയിൻകീഴിൽ പോളിംഗ് ബൂത്തിന് സമീപത്ത് നിന്ന് സംശയാസ്പദമായ രീതിയിൽ പണം കണ്ടെത്തി.

ശക്തമായ സുരക്ഷ വലയത്തിലും കള്ളവോട്ട് പരാതികൾക്ക് ഇക്കുറിയും കുറവില്ല. ഇടുക്കി ഖജനാപ്പാറയിൽ പത്തൊമ്പതാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നതായാണ് ആദ്യ പരാതി. ഖജനാപ്പാറ സ്വദേശി മുരുകൻ വോട്ട് ചെയ്യാനായി ബൂത്തിൽ എത്തിയപ്പോഴാണ് തൻ്റെ പേരിൽ മറ്റൊരാൾ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയത്. ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെയാണ് യുഡിഎഫ് ബൂത്ത് ഏജൻറുമാർ തടഞ്ഞ് പൊലിസിന് കൈമാറിയത്. 77 ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം 80 ആം നമ്പർ ബൂത്തിൽ എത്തിയപ്പോഴാണ് പിടികൂടിയത്.
ഇടുക്കി കരിമണ്ണൂർ ഹോളിഫാമിലി എൽ പി സ്കൂളിലെ രണ്ട് ബൂത്തുകളിൽ കള്ളവോട്ട് നടന്നതായും പരാതി ഉയർന്നു.
സംഭവത്തിൽ യു ഡി എഫ് നേതൃത്വം പ്രിസൈഡിങ് ഓഫീസർക്ക് പരാതി നൽകി.
കാസർകോഡ് യു ഡി എഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതായി എല്‍ ഡിഎഫും പരാതിപ്പെട്ടു.
സംഭവത്തിൽ എൽ ഡി എഫ് പാർലിമെൻ്റ് മണ്ഡലം കമ്മറ്റി കൺവീനർ കെ പി സതീശ് ചന്ദ്രൻ വരണാധികാരി കെ ഇമ്പശേഖറിന് പരാതി നൽകി. പത്തനംതിട്ടയിൽ തിരുവല്ലത്തും, അടൂരും, ആനപ്പാറയിലും കള്ളവോട്ട് നടന്നു. ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ ചിറ്റഞ്ഞൂറിലും കള്ളവോട്ട് നടന്നതായി ആരോപണം ഉയർന്നു. തിരുവനന്തപുരം മലയിൻകീഴ് മച്ചേലിലെ ബൂത്തിന് സമീപത്ത് നിന്ന് റോഡിൽ ഉപേക്ഷിച്ച നിലയിൽ 51000 രൂപ കണ്ടെത്തി. പണം തെരഞ്ഞെടുപ്പ് നിരീക്ഷകർക്ക് കൈമാറി.

Advertisement