കല്യാണവേദിയില്‍ നിന്ന് പലയിടത്തും നവദമ്പതികൾ വോട്ട് ചെയ്യാൻ എത്തി

സംസ്ഥാനത്ത് പലയിടത്തും വിവാഹ മണ്ഡപത്തിൽ നിന്ന് നവ ദമ്പതികൾ വോട്ട് ചെയ്യാൻ എത്തിയത് കൗതുകമായി.
തിരുവനന്തപുരത്തും ,കോഴിക്കോടും ,പൊന്നാനിയിലുമാണ് വധു വരന്മാർ വിവാഹ ചടങ്ങുകൾക്കിടെ പോളിങ് ബൂത്തിൽ എത്തിയത്

പൊന്നാനി മണ്ഡലത്തിലെ ആലിശേരി സ്വദേശികളായ ശ്രീകുമാറും ഗോപികയും താലികെട്ട് കഴിഞ്ഞു നേരെ പോളിംഗ് ബൂത്തിലേക്ക്.ഏഴ് വർഷം നീണ്ട പ്രണയ സാഫല്യം പൂവണിഞ്ഞത് വോട്ടിങ്‌ ദിനത്തിൽ ആയതിന്റെ സന്തോഷത്തിലാണ് ഇരുവരും

ഇരുവരുടെയും വീടുകൾ അര കിലോമീറ്റർ ദൂരത്തിനിടയിൽ ആയതിനാൽ ആണ് വോട്ടിങ്‌ ഒരേ പോളിങ് ബൂത്തിൽ ആയത്.
തിരുവനന്തപുരം മുട്ടട സ്വദേശി അഖിലും വിഴിഞ്ഞം സ്വദേശി സുരഭിയുമാണ് രാവിലെ നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം സമ്മതിദാനാവകാശം രേഖപ്പെടുത്തി.
വിഴിഞ്ഞത്ത് നടന്ന ചടങ്ങിന് ശേഷം സുരഭിയാണ് ആദ്യം വോട്ട് ചെയ്തത്.ശേഷം മുട്ടടയിലെത്തി അഖിലും വോട്ട് രേഖപ്പെടുത്തി.
രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പായതിനാലാണ് വിവാഹ തിരക്കുകൾക്കിടയിലും വോട്ട് ചെയ്യാനെത്തിയതെന്ന് ഇരുവരും പറഞ്ഞു.

കോഴിക്കോട് കോർപ്പറേഷനിലെ കൗൺസിലറായ രേഖയും ഭർത്താവുമാണ് ഈസ്റ്റ് നടക്കാവ് യുപി സ്കൂളിലെത്തിയത്.കണ്ണൂരിലെ ചടങ്ങുകൾക്ക് ശേഷമാണ് നവദമ്പതികൾ വോട്ട് ചെയ്യാൻ എത്തിയത്.

നവ ദമ്പതികൾ എത്തിയപ്പോൾ വോട്ട് ചെയ്യാനായി നേരത്തെ വരി നിന്നിരുന്നവർ മാറികൊടുത്തു സഹായിച്ച് നവവധൂവരന്മാരുടെ ജനാധിപത്യ പ്രേമത്തെ അനുമോദിച്ചു.

Advertisement