1000 വീട്ടക വായനാ സദസുകളുമായി താലൂക്ക് ലൈബ്രറി കൗൺസിൽ

കരുനാഗപ്പള്ളി.വായനയെ കൂടുതൽ ജനകീയമാക്കി വീണ്ടെടുക്കുവാൻ ഈ വർഷം 1000 വീട്ടകവായനാ സദസുകൾ സംഘടിപ്പിക്കുവാൻ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ വാർഷിക പൊതുയോഗം തീരുമാനിച്ചു. ഓരോ ഗ്രന്ഥശാലാ പരിസരത്തുമുള്ള വീടുകൾ കേന്ദ്രീകരിച്ച് കുടുംബാംഗങ്ങളും പരിസരവാസികളും സുഹൃത്തുക്കളും ഉൾപ്പെടുന്ന വായനക്കൂട്ടം രൂപീകരിക്കുകയും അവിടെ പ്രതിമാസം പുസ്തകവായനയും ചർച്ചയും കലാപരിപാടികളും നടത്തും. അംഗങ്ങളുടെ എഴുത്തിനെ പ്രോത്സാഹിപ്പിക്കും. ഇത്തരത്തിൽ 1000 വായനക്കൂട്ടങ്ങളാണ് താലൂക്കിൽ രൂപീകരിക്കുന്നത്.


കൂടാതെ 50 % ലധികം ഗ്രന്ഥശാലകൾക്ക് ഉയർന്ന ഗ്രേഡ് നേടാനുള്ള പദ്ധതി തയ്യാറാക്കും. എല്ലാ ഗ്രന്ഥശാലകളിലും ബാലവേദി, വനിതാവേദി, യുവജനവേദി പ്രവർത്തനം സജീവമാക്കും. ഡിജിറ്റൽ സാദ്ധ്യകൾ ഗ്രന്ഥശാലകളിൽ ഉപയോഗിക്കും. കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ സാംസ്കാരിക സംഗമങ്ങൾ നടത്തും. കുടുംബശ്രീയുമായി യോജിച്ച് റീജിയണൽ വുമൺ കോൺക്ലേവ് സംഘടിപ്പിക്കും. ഗ്രന്ഥശാലകളുടെ ചരിത്രവും പ്രവർത്തന കലണ്ടറും തയ്യാറാക്കും. 100 %ലൈബ്രറികളും പ്രവർത്തനഗ്രാൻ്റ് വാങ്ങുന്നു എന്നുറപ്പാക്കും. ഗ്രന്ഥശാലാ , പഞ്ചായത്ത്, താലൂക്ക് തലങ്ങളിൽ വിപുലമായി അക്ഷരോത്സവങ്ങൾ സംഘടിപ്പിക്കും.
താലൂക്ക് പ്രസിഡൻ്റ് അഡ്വ. പി.ബി ശിവൻ അദ്ധ്യക്ഷനായ സംഗമം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ.ബി.മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി വി.വിജയകുമാർ 2023-24 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും 2024- 25 വർഷത്തെ ബജറ്റും അവതരിപ്പിച്ചു. ഡോ. വള്ളിക്കാവ് മോഹൻദാസ് ജില്ലാ പദ്ധതി രേഖയും വി.പി. ജയപ്രകാശ് മേനോന്‍ സംസ്ഥാന പദ്ധതികളും അവതരിപ്പിച്ചു. സ്റ്റേറ്റ് കൗൺസിൽ അംഗം എ. പ്രതീപ് സ്വാഗതവും
ജില്ലാ പഞ്ചായത്തംഗം എസ്. സോമൻ നന്ദിയും രേഖപ്പെടുത്തി. തെരഞ്ഞെടുക്കപ്പെട്ട 300 പ്രതിനിധികൾ വാർഷിക പൊതുയോഗത്തിൽ പങ്കെടുത്തു

Advertisement