ബാത്ത്റൂം വേഗത്തില്‍ വൃത്തിയാക്കാം…. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം….

Advertisement

വീട് വൃത്തിയാക്കലുകളില്‍ കൂടുതല്‍ സമയം വേണ്ടിവരുന്നത് ബാത്ത്റൂമിന്റെ വൃത്തിയുറപ്പാക്കുന്നതില്‍ ആയിരിക്കും. പ്രധാനപ്പെട്ടൊരു പ്രശ്നമാണ് ബാത്ത്റൂമിലെ ദുര്‍ഗന്ധം. എത്ര വൃത്തിയാക്കിയാലും ദുര്‍ഗന്ധം മാറാത്ത സ്ഥിതി വരാറില്ലേ. ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്നം എളുപ്പത്തില്‍ പരിഹരിക്കാം.
എല്ലാ ദിവസവും വൃത്തിയാക്കേണ്ടയിടമാണ് ബാത്ത്റൂം. എത്ര തന്നെ നന്നായി വൃത്തിയാക്കിയാലും ഉപയോഗശേഷം ബാത്ത്റൂം പഴയസ്ഥിതിയാകുമെന്നതാണ് സത്യം. എണ്ണ ഉപയോഗിച്ച് കുളിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ബാത്ത്റൂം വൃത്തിയാക്കണം. അല്ലെങ്കില്‍ വഴുക്കലുണ്ടായി അപകടം വരെ സംഭവിക്കാം. എണ്ണയും അഴുക്കും പറ്റിപിടിച്ചിരിക്കുന്നതും ദുര്‍ഗന്ധമുണ്ടാക്കുന്ന കാര്യമാണ്.
കടലപ്പൊടി, പയര്‍പൊടി എന്നിവ ചേര്‍ത്തു കുളിച്ച് കഴിഞ്ഞതിന് ശേഷം ബാത്ത്റൂമില്‍ എക്സ്ഹോസ്റ്റര്‍ ഉണ്ടെങ്കില്‍ അത് ഓണാക്കി ഇടണം. അല്ലെങ്കില്‍ ബാത്ത് റൂമിന്റെ ജനാല കുറച്ചുസമയം തുറന്നുവയ്ക്കുന്നതും നല്ലതാണ്. അതല്ലെങ്കില്‍ പിന്നീട് ബാത്ത്റൂമില്‍ ദുര്‍ഗന്ധം തോന്നിക്കും. വൃത്തിയാക്കുമ്പോള്‍ ചുമരുകളും മുക്കും മൂലയും ഉള്‍പ്പെടെ എല്ല ഭാഗങ്ങളും വൃത്തിയാക്കിയെന്ന് ഉറപ്പ് വരുത്തണം.
ക്ലോസറ്റ് കൃത്യമായി വൃത്തിയാക്കേണ്ടതാണ്. കുട്ടികളും മറ്റുമുള്ള വീടുകളില്‍ അവര്‍ നിലത്ത് മൂത്രമൊഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നിലത്ത് മൂത്രമൊഴിക്കുന്നത് ബാത്ത്റൂമില്‍ ദുര്‍ഗന്ധം നിലനില്‍ക്കുന്നതിന് വലിയൊരു കാരണമാണ്. ഫ്ളഷ് ചെയ്യാതെ പോകുന്നതും ദുര്‍ഗന്ധത്തിനിടയാക്കും. അവരെ കൃത്യമായി ബാത്ത്റൂം ഉപയോഗിക്കാന്‍ പരിശീലിപ്പിക്കണം.
ഓരോ തവണ കുളി കഴിഞ്ഞതിന് ശേഷവും നന്നായി വെള്ളമൊഴിച്ച് സോപ്പും പതയുമെല്ലാം ഒഴുക്കിക്കളയണം. ഇങ്ങനെ ചെയ്യാത്തത് കൊണ്ടാണ് ചുമരുകളില്‍ അഴുക്ക് പിടിച്ച്, പാടുകളും മറ്റുമുണ്ടാകുന്നത്. ബാത്ത്റൂമിനുള്ളില്‍ അലക്കുന്നതും പരമാവധി ഒഴിവാക്കേണ്ട കാര്യമാണ്.

Advertisement