അഞ്ചല്‍: അഗസ്ത്യക്കോട് കുശിനിമുക്കില്‍ ചായക്കട നടത്തി വന്ന കമലമ്മയുടെ മൂന്നര പവന്റെ സ്വര്‍ണമാലയും 5000 രൂപയും അടങ്ങുന്ന പേഴ്‌സും മോഷ്ടാക്കള്‍ അപഹരിച്ചു. എല്ലാ ദിവസവും രാവിലെ അഞ്ചുമണിയോടുകൂടി തുറന്നു പ്രവര്‍ത്തിക്കുന്ന ചായക്കടയില്‍ രാവിലെ ചായ കുടിക്കാന്‍ എന്ന വ്യാജേന കടയില്‍ എത്തിയ മോഷ്ടാവ് ആണ് സ്വര്‍ണമാലയും 5000 രൂപയും അടങ്ങിയ പേഴ്‌സ് കവര്‍ന്ന് കടന്നുകളഞ്ഞത്.
ഒറ്റയ്ക്കു താമസിക്കുന്ന കമലമ്മ ദൈനംദിന കാര്യങ്ങള്‍ നടത്തി പോകുന്നത് ഈ ചെറിയ ചായക്കട നടത്തി കിട്ടുന്ന വരുമാനത്തില്‍ നിന്നുമാണ്. കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടിയുള്ളതായിരുന്നു പേഴ്‌സില്‍ ഉണ്ടായിരുന്ന പൈസ. മോഷ്ടാക്കളെ പേടിച്ച് സ്വര്‍ണമാല വീട്ടില്‍ വെച്ച്തന്നെ ഊരി പേഴ്‌സില്‍ വച്ചു കൊണ്ടാണ് കമലമ്മ കടയിലെത്തുന്നത്. എന്നാല്‍ ഇന്ന് രാവിലെ ആറു മണിയോടുകൂടി പേഴ്‌സ് തുറന്ന് നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അഞ്ചല്‍ പോലീസില്‍ പരാതി നല്‍കി.