വീട് പൂട്ടി വിവാഹത്തിന് പോയി, തിരികെ എത്തിയപ്പോൾ വില കൂടിയ മദ്യം കൂടിച്ച് ഗൃഹനാഥന്റെ ബെഡ് റൂമിൽ ഓഫായി കിടക്കുന്ന മോഷ്ടാവ്

ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു ശർവാനന്ദും കുടുംബവും. വീട് പൂട്ടി പോയി വിവാഹമൊക്കെ കഴിഞ്ഞ് തിരിച്ചുവന്നപ്പോഴതാ ബെഡ് റൂമിൽ ഒരാൾ സുഖമായി കിടന്നുറങ്ങുന്നു. റൂമിലാകെ വലിച്ചുവാരിയിട്ട ലക്ഷണമുണ്ട്. മദ്യക്കുപ്പികളും ഭക്ഷണവുമൊക്കെ നിലത്ത് ചിതറക്കിടക്കുന്നുമുണ്ട്. ഏറെ നേരം കഴിഞ്ഞിട്ടും കിടക്കയിലെ സുഖനിദ്രയിൽ നിന്ന് അയാൾ ഉണർന്നില്ല. ശർവാനന്ദ് വിളിച്ചുമില്ല. ഇതിനിടയിൽ വീട്ടിൽ അദ്ദേഹവും കുടുംബവും വിശദമായി പരിശോധിച്ചു.

പത്ത് ലക്ഷം രൂപയിലധികം വിലമതിക്കുന്ന സാധനങ്ങളും പണവും നഷ്ടപ്പെട്ടതായി അവർക്ക് മനസിലായി. പൊലീസിനെ വിവരമറിയിച്ചു. ഒടുവിൽ ഇയാൾ ഉണർന്നതിന് പിന്നാലെ മോഷ്ടാവിനെ പൊലീസിന് കൈമാറുകയും ചെയ്തു. ലഖ്‌നൗവിലെ കാന്ത് ഏരിയയിലാണ് സിനിമാ കഥയെ വെല്ലുന്ന സംഭവം നടന്നത്. വീട്ടിൽ കവർച്ചയ്ക്കെത്തിയതായിരുന്നു രണ്ടംഗ സംഘം. കവർച്ച നടത്തുന്നിനിടെ കിട്ടിയ മദ്യം രണ്ടുപേരും കുറേശ്ശ അകത്താക്കി. ബുദ്ധിമാനായ പങ്കാളി ഇയാളെ കൊണ്ട് നന്നായി മദ്യം കുടിപ്പിച്ചു. ഓഫായ പങ്കാളിയെ ഉപേക്ഷിച്ച് കളവു മുതലുമായി മറ്റേയാൾ രക്ഷപ്പെടുകയും ചെയ്തു.

‘കല്യാണത്തിന് പോയി മടങ്ങി വന്ന് പൂട്ട് തുറന്നപ്പോൾ മുകൾഭാഗം തകർത്ത നിലയിലായിരുന്നു. വീടിനുള്ളിലെ സാധനങ്ങളെല്ലാം ചിതറിക്കിടക്കുന്ന നിലയിലും. കിടപ്പുമുറിയിൽ എത്തിയപ്പോൾ ഞങ്ങളൊന്ന് ഞെട്ടി. ഒരു യുവാവ് അവിടെ സുഖമായി ഉറങ്ങുന്നതാണ് കണ്ടത്. അടുത്തുതന്നെ കാലിയായ കുപ്പികളും കണ്ടു’- എന്നായിരുന്നു വീടിന്റെ ഉടമയും സൈനികനുമായ ശർവാനന്ദിന്റെ വാക്കുകൾ. വീട്ടിൽ നിന്ന് 100 ഗ്രാം സ്വർണവും ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കിലോ വെള്ളിയും 50,000 രൂപ വിലമതിക്കുന്ന 40 സാരിയും ആറ് ലക്ഷം രൂപയും നഷ്ടപ്പെട്ടതായി വീട്ടുകാർ പറയുന്നു.

സലീം ഉണരുന്നതുവരെ കാത്തിരിക്കുകയായിരുന്നു ശർവാനന്ദും കുടുംബവും. തുടർന്ന് കാര്യങ്ങളെല്ലാം മനസിലാക്കിയ ശേഷമായിരുന്നു പൊലീസിന് കൈമാറിയത്. ലഖ്‌നൗവിലെ ശാരദാ നഗറിൽ നിന്നുള്ള സലിം ആണെന്ന് ഉണർന്ന ശേഷം പ്രതി സൈനികൻ കൂടിയായ ശർവാനന്ദിനോട് പറഞ്ഞു. ഞാനും മറ്റൊരാളും മോഷണത്തിന് എത്തിയതായിരുന്നു എന്നും, മോഷണത്തിനിടെ മദ്യം കിട്ടിയപ്പോൾ അത് തന്നെക്കൊണ്ട് കൂട്ടാളി കുടിപ്പിച്ചെന്നും സലീം പറഞ്ഞു. മദ്യലഹരിയിൽ ബോധം പോയ തന്നെ ഉപേക്ഷിച്ച് മറ്റേയാൾ രക്ഷപ്പെടുകയായിരുന്നു – സലീം പൊലീസിനോട് പറഞ്ഞു. കൂട്ടാളിയെ തിരയുകയാണ് പൊലീസ് ഇപ്പോൾ.

Advertisement