കള്ളനെ പിടിക്കുന്നതിനിടെ 12 കുത്തേറ്റു; പൊലീസുകാരന് ദാരുണാന്ത്യം

ന്യൂഡൽഹി: ഡൽഹിയിൽ മൊബൈൽ മോഷ്ടാവ് പൊലീസുകാരനെ നടുറോഡിൽവച്ച് കുത്തിക്കൊലപ്പെടുത്തി. 57 കാരനായ കോൺസ്റ്റബിൾ ശംഭു ദയാൽ ആണ് മോഷ്ടാവ് അനീഷ് രാജിന്റെ കുത്തേറ്റ് മരിച്ചത്.

ഞായറാഴ്ച പടിഞ്ഞാറൻ ഡൽഹിയിലെ മായാപുരിയിലെ ചേരിയിൽവച്ചായിരുന്നു സംഭവം. തന്റെ ഭർത്താവിന്റെ ഫോൺ മോഷ്ടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഒരു സ്ത്രീയുടെ പരാതിയിലാണു ശംഭു ദയാൽ അനീഷിനെ പിടികൂടിയത്. ഇയാളുടെ പക്കലിലിൽനിന്ന് ഫോൺ കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് പൊലീസ് സ്‌റ്റേഷനിലേക്കു പോകാനായി നടക്കുന്നതിനിടെ അനീഷ് പോക്കറ്റിൽനിന്ന് കത്തിയെടുത്ത് പൊലീസുകാരനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

12 തവണയാണു ശംഭുവിനു കുത്തേറ്റത്. ചുറ്റുമുള്ള ആളുകൾ പ്രതികരിക്കാതെ നോക്കിനിൽക്കുകയായിരുന്നു. വെട്ടിപ്പരുക്കേൽപ്പിച്ചശേഷം അനീഷ് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും മറ്റൊരു പൊലീസുകാരൻ ഇയാളെ പിടികൂടി. ഗുരുതരമായി പരുക്കേറ്റ ശംഭുദയാലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് ദിവസത്തിനുശേഷം മരണത്തിനു കീഴടങ്ങി.

രാജസ്ഥാൻ സ്വദേശിയായ ശംഭു ദയാലിന് ഒരു മകനും രണ്ട് പെൺമക്കളും ഉണ്ട്. പൊലീസുകാരന്റെ മരണത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അനുശോചനം രേഖപ്പെടുത്തി. പൊലീസുകാരന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും ഡൽഹി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement