സംസ്ഥാനത്ത് സൂര്യാഘാതം ഏറ്റ് രണ്ടു മരണം കൂടി

Advertisement

സംസ്ഥാനത്ത് സൂര്യാഘാതം ഏറ്റ് രണ്ടു മരണം കൂടി.മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയും കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷുമാണ് മരിച്ചത്.കനത്ത ചൂടിനെ തുടർന്ന് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ മാസം ആറു വരെ അടച്ചിടാൻ നിർദേശം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.പാലക്കാട്‌, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഇന്നും നാളെയും തുടരും.

കോഴിക്കോട് പന്നിയങ്കരയിൽ പെയിൻറിംഗ് ജോലിക്കിടെ സൂര്യഘാതമേറ്റ് ചികിത്സയിലായിരുന്ന വിജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് വിജേഷിന് സൂര്യാഘാതമേറ്റത്. പെയിന്‍റ് ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഇന്നലെ വെയിലത്ത് ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയും ഇന്ന് മരിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് ഇരുവരുടെയും മരണം.

സംസ്ഥാനത്ത് അതിതീവ്രമായ ചൂട് തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് ആറ് വരെ അടച്ചിടും. സ്കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണിമുതൽ 3 മണിവരെ ഒഴിവാക്കണം. പോലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണം. ആസ്ബെസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം. ഇവ മേൽക്കൂരയായുള്ള വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണം.
കലാ-കായിക മത്സരങ്ങൾ/പരിപാടികൾ പകൽ 11 മുതൽ‌ വൈകിട്ട് 3 വരെ നടത്തുന്നതിന് വിലക്ക്.തീപിടുത്ത സാധ്യത മുൻകൂട്ടി കണ്ട് ഫയർ ഓഡിറ്റ് അടക്കം നടത്തി കെട്ടിടങ്ങളുടെ
സുരക്ഷ ഉറപ്പുവരുത്തണം. വേനൽ മഴ സജീവമാകുന്നതിന് മുമ്പ് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.

പാലക്കാട്‌, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് ഇന്നും നാളെയും തുടരും.
ആലപ്പുഴ ജില്ലയിൽ രാത്രികാല താപനില മുന്നറിയിപ്പും 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് വേനൽ മഴ തുടരും. ഉച്ചയ്ക്കുശേഷം മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

Advertisement