നീലകണ്ഠ തീര്‍ത്ഥപാദ സ്വാമികളുടെ 101-ാം സമാധി വാര്‍ഷികം

കരുനാഗപ്പള്ളി: ഗുരുവെന്ന പദത്തിനും വ്യക്തിപ്രഭാവത്തിനും മഹനീയ സ്ഥാനമാണ് നമ്മുടെ സംസ്‌കാരം കല്പിച്ചിട്ടുള്ളതെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി തമ്പുരാട്ടി പറഞ്ഞു. ചട്ടമ്പിസ്വാമികളുടെ രണ്ടാമത്തെ ശിഷ്യനായിരുന്ന നീലകണ്ഠ തീര്‍ത്ഥപാദ സ്വാമികളുടെ 101-ാം സമാധി വര്‍ഷികത്തോടനു ബന്ധിച്ച് കരുനാഗപ്പള്ളി പുതിയകാവ് നീലകണ്ഠ തീര്‍ത്ഥപാദ ആശ്രമത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി. ഭാരതം ഗുരുക്കന്മാരാല്‍ സമ്പന്നമാണ്. ഓരോ സംസ്ഥാനത്തും ഉണ്ടായിരുന്ന ഗുരുക്കന്മാരുടെയും സന്യാസിവര്യന്‍മാരുടെയും വിവരം ശേഖരിച്ച് പുസ്തകമാക്കിയാല്‍ നാടിന് മുതല്‍ക്കൂട്ടായിരിക്കുമെന്നും ഗൗരി ലക്ഷ്മിബായി പറഞ്ഞു.


ചടങ്ങില്‍ പ്രഥമ നീലകണ്ഠ തീര്‍ത്ഥപാദ സ്വാമി ഗ്രന്ഥപുരസ്‌കാരം കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ ഏറ്റുവാങ്ങി. അക്ഷരജ്ഞാനമല്ല അക്കങ്ങളുടെ നേട്ടമാണ് ഇന്നത്തെ സമൂഹം ലക്ഷ്യമിടുന്നതെന്നും ഇത്തരം സമൂഹത്തിന് നേര്‍വഴികാട്ടാന്‍ നീലകണ്ഠ തീര്‍ത്ഥപാദ സ്വാമികളെപ്പോലുള്ള ഗുരുക്കന്മാര്‍ക്ക് കഴിയുമെന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ‘സമയാകാശങ്ങളില്‍ രാമായണ തീര്‍ത്ഥം’ എന്ന കൃതിയാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 50000 രൂപയും, ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.


പ്രൊഫ. വി. ശങ്കരന്‍നായര്‍, പ്രൊഫ. കുമ്പളത്ത് ശാന്തകുമാരി അമ്മ, ഡോ.ആര്‍.രാമന്‍ നായര്‍, ഡോ. സുരേഷ് മാധവ്, ഡോ. പി.വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. എം. പ്രസന്നകുമാര്‍, എം.മോഹന്‍കുമാര്‍, വി.രവികുമാര്‍ എന്നിവര്‍ക്ക് ചടങ്ങില്‍ സേവനപുരസ്‌കാരങ്ങള്‍ നല്‍കി. ശതാബ്ദി സ്മാരക ഹാളിന്റെയും, സരസ്വതീ മണ്ഡപത്തിന്റെയും സമര്‍പ്പണം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി തമ്പുരാട്ടി നിര്‍വ്വഹിച്ചു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ അധ്യക്ഷത വഹിച്ചു. ഉച്ചയ്ക്ക് നടന്ന പൊതുസമ്മേളനം ഡോ. സുജിത് വിജയന്‍ പിള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് മുസ്ലീം ജമാഅത്ത് യൂണിയന്‍ പ്രസിഡന്റ് വലിയത്ത് ഇബ്രാഹീം കുട്ടി, കരുനാഗപ്പള്ളി കൊല്ലക സെന്റ് തോമസ് ചര്‍ച്ച് വികാരി ബിനു ജേക്കബ്, കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് ജി. ബിജു, ആശ്രമം സെക്രട്ടറി ആര്‍. അരുണ്‍കുമാര്‍, പ്രസാധകസമിതി അംഗം ഗോപിനാഥക്കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു. അനുബന്ധമായി നടന്ന യതി പൂജയില്‍ വിവിധ ആശ്രമങ്ങളെ പ്രതിനിധീകരിച്ച് ഇരുപതോളം സന്യാസി ശ്രേഷ്ഠന്മാര്‍ പങ്കെടുത്തു.

Advertisement