പാലക്കാട് ഉഷ്ണ തരംഗം, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ സാധ്യത

സംസ്ഥാനം ചുട്ടുപൊള്ളുന്നു. പാലക്കാട് ഉഷ്ണ തരംഗമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ രണ്ട് ദിവസമായി പാലക്കാട് രേഖപ്പെടുത്തുന്നത് 41 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട്. കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പും പ്രഖ്യാപിച്ചു.ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമെന്നും പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്നും
ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ഈ മൂന്ന് ജില്ലകൾ ഉൾപ്പെടെ 12 ജില്ലകളിൽ ചൊവ്വാഴ്ച വരെ ചൂട് കൂടുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
പാലക്കാട് ഉയർന്ന താപനില 41°C വരെയും, കൊല്ലം 40°C വരെയും, തൃശൂർ 39°C വരെയും, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്.
സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് വേനൽ മഴ തുടരാനും സാധ്യത. മധ്യ തെക്കൻ കേരളത്തിലെ മലയോര മേ ഖലകളിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണം. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന
തിരമാലക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Advertisement