ആലപ്പുഴ: ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു. കൊല്ലം ചവറ തെക്കേക്കര സ്വദേശിനി ഉദയലക്ഷ്മി (42) ആണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ശസ്ത്രക്രിയയിലോ തുടർചികിത്സയിലോ പിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
തൈറോയ്ഡ് ഗ്രന്ഥിയിൽ കാൻസർ കണ്ടെത്തിയതിനെ തുടർന്ന് ഈ മാസം 16നാണ് ഉദയലക്ഷ്മിക്ക് ശസ്ത്രക്രിയ നടത്തിയത്. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്തിരുന്നു. തുടർന്ന് ശ്വസനം സുഗമമാക്കുന്നതിനായി ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ട്രാക്കിയോസ്റ്റമിക്ക് വിധേയയാക്കി. ഇതിന് പിന്നാലെ ഉച്ചയ്ക്ക് ഒന്നോടെ മരണം സംഭവിക്കുകയായിരുന്നു.
ട്രാക്കിയോസ്റ്റമിക്ക് തൊട്ടുമുമ്പുവരെ സംസാരിക്കുകയും സാധാരണ നിലയിൽ പെരുമാറുകയും ചെയ്തിരുന്ന ഉദയലക്ഷ്മി പെട്ടെന്ന് മരിച്ചതിലാണ് ബന്ധുക്കൾ സംശയം ഉന്നയിക്കുന്നത്. ശസ്ത്രക്രിയയിലെ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
എന്നാൽ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. ചികിത്സയുടെ എല്ലാ ഘട്ടങ്ങളിലും വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിരുന്നു. തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കുശേഷം ചില രോഗികളിൽ ഹൃദയാഘാതത്തിനും ശ്വാസതടസത്തിനും സാധ്യതയുണ്ടെന്നും ഇതാകാം മരണകാരണമെന്നുമാണ് ആശുപത്രി മെഡിക്കൽ സൂപ്രണ്ടിന്റെ വിശദീകരണം.
ബന്ധുക്കളുടെ പരാതിയിൽ വെൺമണി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അന്വേഷണവുമായി സഹകരിക്കുമെന്നും ചികിത്സാ രേഖകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ, ആരോപണം നിഷേധിച്ച് ആശുപത്രി
Advertisement




























