മാവേലിക്കര: മദ്യലഹരിയിൽ ഭാര്യയുടെ മടിയിലിരുന്ന ഒരു വയസ്സുകാരിയായ മകളെ ബലമായി പിടിച്ചുവാങ്ങി തറയിലടിച്ച് കൊലപ്പെടുത്തിയതായി പിതാവിനെതിരെ ആരോപണം. മാവേലിക്കര കുറത്തിക്കാട് മങ്കാംകുഴിയിലാണ് സംഭവം. അസം സ്വദേശികളായ പരിതോഷ് മൊണ്ടേൽ, റോണ്ട് വാലി ദമ്പതികളുടെ മകൾ ദീപികയാണ് മരിച്ചത്. സംഭവത്തിൽ പിതാവ് പരിതോഷ് മൊണ്ടേലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി പത്തരയോടെയാണ് കുട്ടിയെ മരിച്ച നിലയിൽ ദമ്പതികൾ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ശരീരത്തിൽ പരിക്കുകളുടെ പാടുകൾ കണ്ടെത്തിയ ഡ്യൂട്ടി ഡോക്ടർക്ക് മരണത്തിൽ അസ്വാഭാവികത തോന്നി. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
പരിതോഷ് മൊണ്ടേലും യുവതിയും കുട്ടികളുമടങ്ങുന്ന കുടുംബം 15 ദിവസം മുമ്പാണ് അസമിൽനിന്ന് കുറത്തിക്കാടുള്ള വാടകവീട്ടിലെത്തിയത്. നേരത്തേ പരിതോഷ് ഈ വീട്ടിൽ താമസിച്ചിരുന്നു. പിന്നീട് ഭാര്യയെയും കുട്ടികളെയും ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. യുവതിയും പരിതോഷും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇവർ നിയമപരമായി വിവാഹിതരായിരുന്നില്ല.
അസമിൽ താമസിച്ചിരുന്ന കാലത്തും പരിതോഷ് യുവതിയെയും കുട്ടികളെയും നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് വിവരം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.




























