സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന ആർ.എസ്.പി നേതാവ് എ.എ. അസീസ്. ഭരണചക്രം ചില കാര്യങ്ങളിൽ മാത്രമാണ് ചലിക്കുന്നതെന്നും അടിസ്ഥാനവർഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തത് അപകടകരമാണെന്നും എ.എ. അസീസ് തുറന്നടിച്ചു. സർക്കാർ അധികാരത്തിലെത്തി ആറുമാസം പിന്നിട്ടിട്ടും ബോർഡുകളും കോർപ്പറേഷനുകളും നാഥനില്ലാത്ത അവസ്ഥയിലാണെന്നും വിമർശനം. യു.ഡി.എഫിനുള്ളിലെ ചെയർമാൻ സ്ഥാന വിഭജനത്തിലും അതൃപ്തി പരസ്യമാക്കി എ എ അസീസ്.
ബോർഡ് കോർപ്പറേഷൻ കാര്യങ്ങളിൽ തീരുമാനം അനന്തമായി നീളുന്നതോടെയാണ് അതൃപ്തി പരസ്യമാക്കി ആർ.എസ്.പി രംഗത്ത് വരുന്നത്. ഭരണചക്രം ചില കാര്യങ്ങളിൽ മാത്രമാണ് ചലിക്കുന്നതെന്നായിരുന്നു മുതിർന്ന നേതാവ് എ.എ. അസീസിന്റെ വിമർശനം.
അടിസ്ഥാനവർഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തത് അപകടകരമാണ്. സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ സർക്കാർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നും എ എ അസീസ് കുറ്റപ്പെടുത്തി.
സർക്കാർ അധികാരത്തിലെത്തി ആറുമാസം പിന്നിട്ടിട്ടും ബോർഡുകളും കോർപ്പറേഷനുകളും അനാഥാവസ്ഥയിലാണ്. ഇവയ്ക്ക് നാഥനില്ലാത്ത സ്ഥിതിയാണുള്ളത്. ബോർഡ്-കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങൾ സംബന്ധിച്ച് യു.ഡി.എഫിൽ ചർച്ചകൾ ഇതുവരെ പൂർത്തിയായിട്ടില്ല.
മുസ്ലിം ലീഗിന് ചെയർമാൻ സ്ഥാനങ്ങൾ നൽകിയ കാര്യം പോലും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും എ.എ. അസീസ് തുറന്നടിച്ചു. തീരുമാനങ്ങൾ നീട്ടിക്കൊണ്ടുപോകുന്നത് ആശാവഹമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പ്രഖ്യാപനങ്ങൾ പലതും പ്രാവർത്തികമാകുന്നില്ലെന്നാണ് അസീസിന്റെ വിമർശനം.
സർക്കാർ കേസുകൾ നടത്തുന്നതുപോലും മുൻ എൽ.ഡി.എഫ് സർക്കാർ നിയോഗിച്ച അഭിഭാഷകരാണെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാരിന്റെ പ്രവർത്തനവേഗതയെയും യു.ഡി.എഫിലെ സ്ഥാനവിഭജനത്തെയും ഒരുപോലെ ചോദ്യം ചെയ്തുള്ള എ.എ. അസീസിന്റെ പ്രതികരണം മുന്നണിക്കുള്ളിലും രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്.




























