ചടയമംഗലം: നിലമേൽ മുളയക്കോണത്ത് രണ്ടാനച്ഛന്റെ ക്രൂര മർദനത്തിനിരയായ പതിമൂന്നുകാരനെയും രണ്ട് സഹോദരങ്ങളെയും അമ്മയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. മദ്യലഹരിയിൽ കുട്ടിയെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ രാജേഷിനെ (44) കഴിഞ്ഞദിവസം ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
കുട്ടിയെ ഉയർത്തിയെടുത്ത് മർദിച്ചശേഷം വസ്ത്രങ്ങൾ അഴിച്ചുമാറ്റി ഓടിച്ചിട്ടും തല്ലുകയായിരുന്നു. ‘അടിക്കല്ലേ അച്ഛാ’ എന്ന് കുട്ടി ഉറക്കെ നിലവിളിച്ചിട്ടും മർദനം തുടർന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ഭിന്നശേഷിക്കാരനായ കുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കും. കുട്ടികളുടെയും അമ്മയുടെയും സുരക്ഷയും തുടർസംരക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തത്. വെൽഫെയർ ചെയർപേഴ്സൺ പ്രസന്നകുമാരി, നിലമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനു ഗിരീഷ്, എം.ജി. ശ്രീലത, അബ്രഹാം, ആശാദാസ്, മഞ്ജു, സിന്ധു രേഷ്മ എന്നിവർ പങ്കെടുത്തു.
രണ്ടാനച്ഛന്റെ ക്രൂരമർദനം; 13കാരനും സഹോദരങ്ങളും അമ്മയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ
Advertisement




























