ഈ വർഷം ജൂലൈ വരെ കൊല്ലം ജില്ലയിൽ 275 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. റൂറൽ പൊലീസ് പരിധിയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കുട്ടികളോട് ഏറ്റവും അടുത്തിടപഴകുന്നവരിൽ നിന്നാണ് പലപ്പോഴും ചൂഷണം നേരിടേണ്ടിവരുന്നതെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കൊല്ലം ജില്ലയിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വർധിക്കുന്നുവെന്നാണ് പുറത്ത് വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ജൂലൈ വരെ മാത്രം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 275 പോക്സോ കേസുകൾ. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഗൗരവമായ ആശങ്ക ഉയർത്തുന്നതാണ് പുറത്തുവരുന്ന കണക്കുകൾ.കുട്ടികൾക്ക് ഏറ്റവും സുരക്ഷിതമായിരിക്കേണ്ട വീടും പരിസരവും വിദ്യാലയവുമെല്ലാം പലപ്പോഴും ചൂഷണത്തിന്റെ ഇടങ്ങളായി മാറുന്നുവെന്നതാണ് ഞെട്ടിക്കുന്ന യാഥാർഥ്യം.കഴിഞ്ഞ ഏഴുവർഷത്തിനിടെ കൊല്ലം ജില്ലയിൽ ആകെ 2,553 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നാണ് റിപ്പോർട്ട്. ഇതിൽ കൂടുതൽ കേസുകളും കൊല്ലം റൂറൽ പൊലീസ് പരിധിയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കുട്ടികളോട് ഏറ്റവും അടുത്തിടപഴകുന്നവരിൽ നിന്നുതന്നെയാണ് പലപ്പോഴും ലൈംഗിക ചൂഷണം നേരിടേണ്ടിവരുന്നതെന്ന സൂചനയും ഈ കണക്കുകൾ നൽകുന്നു. വിശ്വാസത്തിന്റെ മറവിൽ കുട്ടികളെ ചൂഷണം ചെയ്യുന്ന പ്രവണത അതീവ ഗൗരവത്തോടെ കാണേണ്ടതാണ്.
അതേസമയം, കൗമാരക്കാരുടെ പ്രണയബന്ധങ്ങളുമായി ബന്ധപ്പെട്ട പോക്സോ കേസുകളുടെ എണ്ണവും ചെറുതല്ല. പ്രായപൂർത്തിയാകാത്തവരുടെ ബന്ധങ്ങളും അതുമായി ബന്ധപ്പെട്ട നിയമവശങ്ങളും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ വലിയ വെല്ലുവിളിയാകുകയാണ്.
കൊല്ലം ജില്ലയിൽ ആകെയുള്ള 946 സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ വെറും 84 സ്കൂളുകളിൽ മാത്രമാണ് വനിതാ ശിശുവികസന വകുപ്പിന്റെ കൗൺസലിങ് സംവിധാനം ലഭ്യമാക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. ഭൂരിഭാഗം സ്കൂളുകളിലും കുട്ടികൾക്ക് ആവശ്യമായ മാനസിക പിന്തുണയും കൗൺസലിങ് സംവിധാനവും ലഭ്യമല്ല. അയൽവാസിയായ ഏഴ് വയസ്സുകാരിയെ മിഠായിയും മറ്റും നൽകി പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ 21കാരനായ യുവാവിനെതിരെ കേസെടുത്ത സംഭവവും കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ആക്കം കൂട്ടുന്നു.ഈ കണക്കുകൾ വെറും അക്കങ്ങളല്ല. തകർന്ന ബാല്യങ്ങളുടെയും നഷ്ടപ്പെട്ട സുരക്ഷിതത്വത്തിന്റെയും സമൂഹം ഗൗരവമായി കാണേണ്ട മുന്നറിയിപ്പുകളാണ്.
വർഷം തിരിച്ചുള്ള പോക്സോ കേസുകൾ
| വർഷം | കൊല്ലം സിറ്റി | റൂറൽ |
|---|---|---|
| 2020 | 107 | 145 |
| 2021 | 127 | 200 |
| 2022 | 178 | 212 |
| 2023 | 146 | 229 |
| 2024 | 202 | 230 |
| 2025 | 248 | 254 |
| 2026 (ജൂലൈ വരെ) | 125 | 150 |





























