മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അതിർത്തി കടന്നെത്തുന്ന അയ്യപ്പഭക്തർക്ക് ആശ്വാസമാകേണ്ട കമ്പംമെട്ട് ഇടത്താവളം ഇത്തവണയും അസൗകര്യങ്ങളുടെ നടുവിൽ. തീർത്ഥാടകർക്ക് പ്രാഥമിക സൗകര്യങ്ങളോ വിരിവയ്ക്കാനുള്ള ഇടമോ ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. 2019-ൽ പ്രഖ്യാപിച്ച നാല് കോടി രൂപയുടെ സ്ഥിരം ഇടത്താവള പദ്ധതി ഇപ്പോഴും കടലാസിൽ മാത്രമാണ്..
മണ്ഡലകാലം പടിവാതിൽക്കൽ എത്തിനിൽക്കുമ്പോഴും കേരളാതിർത്തിയിലെ ഇടത്താവളങ്ങളിലൊന്നായ ഇടുക്കി കമ്പംമെട്ടിൽ ഒരുക്കങ്ങളെല്ലാം പാതിവഴിയിലാണ്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് കമ്പംമെട്ട് വഴി മലചവിട്ടാൻ എത്തുന്നത്. എന്നാൽ അതിർത്തി കടന്നെത്തുന്ന അയ്യപ്പന്മാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനോ വിരിവയ്ക്കാനോ ഇവിടെ സൗകര്യങ്ങളില്ല. താൽക്കാലിക ശൗചാലയങ്ങളോ ആവശ്യത്തിന് കുടിവെള്ളമോ ഒരുക്കാൻ പോലും നടപടിയായിട്ടില്ല.
2019-ലെ സംസ്ഥാന ബജറ്റിൽ കമ്പംമെട്ടിൽ സ്ഥിരം ശബരിമല ഇടത്താവളം ഒരുക്കുന്നതിനായി നാല് കോടി രൂപയാണ് അനുവദിച്ചത്. പാർക്കിങ് ഗ്രൗണ്ട്, വിശ്രമകേന്ദ്രം, ശൗചാലയ സമുച്ചയം, വഴിവിളക്കുകൾ എന്നിവയായിരുന്നു ലക്ഷ്യം. എന്നാൽ കോവിഡിന്റെ പേരിൽ നിലച്ച പദ്ധതി വർഷങ്ങൾ കഴിഞ്ഞിട്ടും ഫയലിൽത്തന്നെ ഉറങ്ങുകയാണ്. തമിഴ്നാട് അതിർത്തിയിൽ കാട് വെട്ടിത്തെളിക്കലും റോഡ് സുരക്ഷാ ബോർഡുകൾ സ്ഥാപിക്കലും വേഗത്തിൽ നടക്കുമ്പോഴാണ് കേരളത്തിന്റെ ഭാഗത്ത് തികഞ്ഞ അനാസ്ഥ തുടരുന്നത്. കുമളിയിലെ തിരക്ക് കൂടുമ്പോൾ വാഹനങ്ങൾ തിരിച്ചുവിടുന്നത് കമ്പംമെട്ട് വഴിയാണ്. റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാകാത്തതും പാർക്കിങ് സംവിധാനമില്ലാത്തതും വലിയ ഗതാഗതക്കുരുക്കിന് വഴിവെക്കും.
മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, യുദ്ധകാലാടിസ്ഥാനത്തിൽ താൽക്കാലിക സൗകര്യങ്ങളെങ്കിലും ഒരുക്കിയില്ലെങ്കിൽ അതിർത്തി കടന്നെത്തുന്ന അയ്യപ്പഭക്തർ ഇത്തവണയും പെരുവഴിയിലാകും.





























