28.3 C
Kollam
Wednesday 7th October, 2026 | 09:37:44 PM
Home News Kerala ‘ഓണം ബമ്പര്‍ അടിച്ചത് എനിക്കാണ്; യഥാര്‍ത്ഥ ടിക്കറ്റ് നഷ്ടപ്പെട്ടുപോയി; ടിക്കറ്റിന്റെ ഫോട്ടോ കയ്യിലുണ്ട്’; അവകാശവാദവുമായി തമിഴ്‌നാട്...

‘ഓണം ബമ്പര്‍ അടിച്ചത് എനിക്കാണ്; യഥാര്‍ത്ഥ ടിക്കറ്റ് നഷ്ടപ്പെട്ടുപോയി; ടിക്കറ്റിന്റെ ഫോട്ടോ കയ്യിലുണ്ട്’; അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

പാലക്കാട്: തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 30 കോടി നേടിയ ടിക്കറ്റ് താനാണ് വാങ്ങിയതെന്ന അവകാശവാദവുമായി തമിഴ്നാട് സ്വദേശി സാദിഖ് പാലക്കാട് എസ്പി ഓഫീസിൽ പരാതി നൽകി. ഒന്നാം സമ്മാനത്തിന് അർഹമായ ടിഎൽ 360615 എന്ന ടിക്കറ്റ് താൻ വാങ്ങിയതാണെന്നും എന്നാൽ ടിക്കറ്റ് നഷ്ടപ്പെട്ടെന്നുമാണ് സാദിഖിന്റെ അവകാശവാദം. ടിക്കറ്റിന്റെ ഫോട്ടോ തന്റെ കൈവശമുണ്ടെന്നും ഇയാൾ പറയുന്നു.

കല്ലടിക്കോടുള്ള ഭാര്യവീട്ടിൽ നിന്ന് മടങ്ങുന്നതിനിടെ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ടിക്കറ്റ് വാങ്ങിയതെന്നാണ് സാദിഖ് പറയുന്നത്. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് തന്റേതാണെന്ന് അറിഞ്ഞതോടെ പരിശോധിച്ചപ്പോഴാണ് ടിക്കറ്റ് കാണാനില്ലെന്ന് മനസിലായതെന്നും അദ്ദേഹം പറയുന്നു.

“ഒന്നര മാസം മുമ്പാണ് ടിക്കറ്റ് വാങ്ങിയത്. ഭാര്യവീട്ടിൽ നിന്ന് മടങ്ങവെ പാലക്കാട് റെയിൽവേ ജംഗ്ഷനിൽനിന്നാണ് ടിക്കറ്റെടുത്തത്. ഇത്രയും ദിവസം ടിക്കറ്റ് തിരഞ്ഞെങ്കിലും കിട്ടിയില്ല. തുടർന്നാണ് എസ്പി ഓഫീസിലെത്തി പരാതി നൽകിയത്,” സാദിഖ് പറഞ്ഞു.

അതേസമയം, സാദിഖിന്റെ കൈവശമുള്ളത് വ്യാജ ടിക്കറ്റാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. യഥാർഥ ടിക്കറ്റ് വാങ്ങിയതാണെങ്കിൽ അത് വ്യാജമാക്കിയത് ആരാണെന്ന ചോദ്യവും ഉയരുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇതിനിടെ 30 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയ യഥാർഥ ഭാഗ്യശാലി സമ്മാനത്തുക കൈപ്പറ്റിയതായാണ് വിവരം. വിജയിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്തതിനാൽ ലോട്ടറി വകുപ്പിനും വിവരങ്ങൾ പുറത്തുവിടാനാകില്ല. കണ്ണൂർ തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

വലിയ തുകയുടെ ലോട്ടറി സമ്മാനം ലഭിച്ചവരെ തേടി വിവിധ ആവശ്യങ്ങളുമായി ആളുകൾ എത്തുന്ന അനുഭവങ്ങൾ നേരത്തെ പല ഭാഗ്യശാലികളും പങ്കുവച്ചിട്ടുണ്ട്. ഇതാകാം വിജയി പേര് വെളിപ്പെടുത്താതെ തുടരാനുള്ള കാരണമെന്നാണ് വിലയിരുത്തൽ.

നികുതിയും സെസും ഏജന്റ് കമ്മിഷനും ഉൾപ്പെടെയുള്ള കിഴിവുകൾക്ക് ശേഷം ഏകദേശം 16.47 കോടി രൂപയാണ് ഒന്നാം സമ്മാന ജേതാവിന് ലഭിച്ചത്. സമ്മാനത്തുകയുടെ 10 ശതമാനം ഏജന്റ് കമ്മിഷനായും 30 ശതമാനം ആദായനികുതിയായും 25 ശതമാനം സർചാർജായും നാല് ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസായും ഈടാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here