തിരുവനന്തപുരം: ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി അഞ്ജു കെ എസ് ചുമതലയേറ്റു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. വിഴിഞ്ഞം പോര്‍ട്ട് പ്രൊജക്ട് പുനരധിവാസ ചുമതലകൂടി പുതിയ കളക്ടര്‍ വഹിക്കും. മുന്‍ ജില്ലാ കളക്ടര്‍ അനു കുമാരി സംസ്ഥാന ജി എസ് ടി സ്‌പെഷ്യല്‍ കമ്മീഷണറായാണ് സ്ഥാനമേല്‍ക്കുന്നത്.
2017 ബാച്ച് കേരള കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥയാണ് അഞ്ജു കെ എസ്. പെരിന്തല്‍മണ്ണ സബ് കളക്ടര്‍, ആലപ്പുഴ ജില്ലാ ഡെവലപ്പ്മെന്റ് കമ്മീഷണര്‍, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അവര്‍ കെഎസ്ബിസിഡിസി എം ഡി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍, കൃഷി-കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ഇന്‍സ്ട്രുമെന്റേഷനില്‍ ബിടെക് ബിരുദവും പബ്ലിക് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പാലക്കാട് സ്വദേശിനിയാണ്. നവറോഷ് ആണ് ഭര്‍ത്താവ്. മകന്‍: അഥര്‍വ്.






























