30.2 C
Kollam
Wednesday 30th September, 2026 | 01:09:16 PM
Home News Kerala പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് ട്രിപ്ൾ ജീവപര്യന്തം

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് ട്രിപ്ൾ ജീവപര്യന്തം

പൊന്നാനി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ബിഹാർ സ്വദേശിയായ പിതാവിന് ട്രിപ്ൾ ജീവപര്യന്തം തടവും 15 വർഷം അധിക കഠിനതടവും 3.70 ലക്ഷം രൂപ പിഴയും. പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എസ്. ലിഷയാണ് ശിക്ഷ വിധിച്ചത്. 52കാരനായ ബിഹാർ സ്വദേശിയാണ് പ്രതി.
കേസിലെ രണ്ടാനമ്മയ്ക്ക് ഒരു മാസം തടവും 5000 രൂപ പിഴയും പാലക്കാട് കോട്ടായി സ്വദേശിനിക്ക് 11 മാസം കഠിനതടവും 15,000 രൂപ പിഴയും കോടതി വിധിച്ചു. ഗർഭം അലസിപ്പിക്കാൻ പച്ചമരുന്ന് നൽകിയതിനാണ് കോട്ടായി സ്വദേശിനിക്ക് ശിക്ഷ.
2016ൽ പെരുമ്പടപ്പിലെ വീട്ടിൽവച്ചാണ് 16കാരിയായ മകളെ പിതാവ് ആയുധം ഉപയോഗിച്ച് മുറിവേൽപ്പിച്ചും ഭീഷണിപ്പെടുത്തിയും പലതവണ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ആദ്യഘട്ടത്തിൽ പ്രതിയെക്കുറിച്ച് തെറ്റായ വിവരം നൽകി അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമമുണ്ടായി. എന്നാൽ പെരുമ്പടപ്പ് ഇൻസ്പെക്ടർ പി.എം. വിമോദിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പിതാവാണ് പ്രതിയെന്ന് കണ്ടെത്തി. ആറുമാസം നീണ്ട അന്വേഷണത്തിനൊടുവിൽ എട്ട് സംസ്ഥാനങ്ങൾ കടന്ന് രാജസ്ഥാനിലെ ഭിവാഡിയിൽനിന്ന് 2022ൽ പ്രതിയെ അറസ്റ്റ് ചെയ്തു.
ഡി.എൻ.എ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും 36 സാക്ഷികളുടെ മൊഴികളും 51 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവെയാണ് വിചാരണ പൂർത്തിയാക്കിയത്.
പിഴത്തുകയിലെ മൂന്ന് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും മതിയായ നഷ്ടപരിഹാരം അനുവദിക്കുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദേശം നൽകാനും കോടതി ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here