വയനാട്: എടുത്ത ലോട്ടറിക്ക് സമ്മാനം ലഭിക്കാത്തതിന്റെ പേരിൽ കടയുടമയായ യുവതിയെ കത്തികൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചു. നെന്മേനി നമ്പ്യാർകുന്നിലെ ‘പൂങ്കാവനം ലോട്ടറി’ ഉടമ വിനീത രജീഷിനാണ് കുത്തേറ്റത്. സംഭവത്തിൽ തമിഴ്നാട് പാട്ടവയൽ സ്വദേശി ശിവകുമാറിനെ നൂൽപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ 11ഓടെയാണ് സംഭവം. ലോട്ടറിക്ക് സമ്മാനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ശിവകുമാർ വിനീതയെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ വിനീതയെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.




























