27.2 C
Kollam
Sunday 27th September, 2026 | 11:51:25 PM
Home News Kerala സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേടുകൾ ജനം അറിയണം; കെ.ബി. ഗണേഷ് കുമാര്‍

സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേടുകൾ ജനം അറിയണം; കെ.ബി. ഗണേഷ് കുമാര്‍

പത്തനാപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ. സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേടുകൾ ജനം അറിയണമെന്നും എന്നാൽ ഇതിനെതിരെ കേസ് കൊടുക്കാൻ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്നത്ത് പത്മനാഭൻ കേസും കൂട്ടവുമായി നടക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും ആ നിർദ്ദേശം താൻ പാലിക്കുന്നുവെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. എൻ.എസ്.എസിനെ തകർക്കാൻ താൻ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പിതാവ് ആർ. ബാലകൃഷ്ണപിള്ള പറഞ്ഞിട്ടാണ് സുകുമാരൻ നായർക്ക് ഒപ്പം നിന്നതെന്നും എന്നാൽ രാത്രിയിൽ കമ്മിറ്റികൾ പിരിച്ചുവിടുന്ന നടപടിയെ എന്ത് പേര് വിളിക്കണമെന്നും അദ്ദേഹം ചോദിച്ചു. എൻ.എസ്.എസിൽ ജനറൽ സെക്രട്ടറിയെ മാറ്റാൻ കഴിയുക സുകുമാരൻ നായരുടെ കരയോഗത്തിനാണെന്നും, ആ കരാള ഹസ്തത്തിൽ നിന്നുള്ള മോചനമാണ് താൻ ആഗ്രഹിക്കുന്നതെന്നും ഗണേഷ് കുമാർ തുറന്നടിച്ചു. പത്തനാപുരത്തെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ സുകുമാരൻ നായരുടെ ഗൂഢാലോചനയുണ്ടെന്നും, തന്നെക്കൊണ്ട് കൂടുതൽ കാര്യങ്ങൾ പറയിപ്പിക്കാതിരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മകളെക്കുറിച്ചും മകനെയും കൊച്ചുമക്കളെക്കുറിച്ചും തനിക്ക് പലതും പറയാനുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ ഗണേഷ് കുമാർ, എൻ.എസ്.എസ് വഴി തനിക്ക് കിട്ടിയ കാര്യങ്ങൾ സുകുമാരൻ നായരുടെ ഔദാര്യമല്ലെന്നും നായർ സമുദായ അംഗങ്ങൾ ഇത് ഓർക്കണമെന്നും ഓർമ്മിപ്പിച്ചു. കിട്ടുന്നത് കൊണ്ട് മാത്രം കഴിഞ്ഞുകൂടാമെന്ന് നായന്മാർ കരുതരുത്. ധനലക്ഷ്മി ബാങ്ക് പ്രശ്നത്തിൽ സുകുമാരൻ നായരെ രക്ഷിക്കാൻ പോയ വ്യക്തിയാണ് ഇപ്പോൾ മറ്റൊരു കേസിൽ ജയിലിൽ കഴിയുന്നതെന്നും, തനിക്ക് ധനലക്ഷ്മി ബാങ്കിലെ രേഖകൾ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. താൻ ബദൽ സംഘടനയൊന്നും ഉണ്ടാക്കില്ലെങ്കിലും ഈ പോരാട്ടത്തിനൊപ്പം ഉണ്ടാകുമെന്നും കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി.