30.1 C
Kollam
Sunday 27th September, 2026 | 06:09:34 PM
Home News Kerala ബസുകൾ കൂട്ടിയിടിച്ച് 70 പേർക്ക് പരിക്ക്

ബസുകൾ കൂട്ടിയിടിച്ച് 70 പേർക്ക് പരിക്ക്

തലശേരി: ദേശീയപാതയിൽ പുന്നോൽ പെട്ടിപ്പാലത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ കൂട്ടിയിടിച്ച് 70 പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ആറുപേരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം.

തലശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ജാക് ലയൺ ബസ് നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്ന് കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ഗംഗോത്രി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുബസുകളിലെയും യാത്രക്കാർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്നാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തി തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റവരെയും വിദഗ്ധ ചികിത്സ ആവശ്യമായവരെയും പിന്നീട് തലശേരിയിലെ വിവിധ സ്വകാര്യ, സഹകരണ ആശുപത്രികളിലേക്കും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

അപകടത്തിൽ ബസുകളുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവർമാരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഗംഗോത്രി ബസ് ഡ്രൈവർ മുജിതബയുടെ കാലിന് എല്ലുപൊട്ടലുണ്ടായി. ജാക് ലയൺ ബസ് ഡ്രൈവർ അഹമ്മദിനും പരിക്കേറ്റു.