26.6 C
Kollam
Saturday 26th September, 2026 | 08:59:58 AM
Home News Kerala എംഡിഎംഎ പണമിടപാട് കേസ്: നീഷ്മയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

എംഡിഎംഎ പണമിടപാട് കേസ്: നീഷ്മയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

വടകര: എംഡിഎംഎ പണമിടപാട് കേസില്‍ റിമാന്‍ഡിലുള്ള പേരാമ്പ്ര ബിആര്‍സിയിലെ ട്രെയ്നര്‍ ആവള കുട്ടോത്ത് സ്വദേശിനി നീഷ്മയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. കേസിലെ മുഴുവന്‍ പ്രതികളും ജാമ്യാപേക്ഷ നല്‍കിയിരുന്നു. നിലവില്‍ മൂന്ന് അധ്യാപികമാര്‍ അടക്കം അഞ്ച് പേരാണ് റിമാന്‍ഡിലുള്ളത്. ഇവരെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറാവുകയാണ്.
ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയില്‍വിട്ട രണ്ടാം പ്രതി കീര്‍ത്തനയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. കീര്‍ത്തന നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ രണ്ട് പേരില്‍ നിന്നും ചോദിച്ചറിയുന്നതിലൂടെ എംഡിഎംഎ കേസന്വേഷണം കൂടുതല്‍ മുന്നോട്ട് കൊണ്ടു പോകാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
പ്രതികളായ കാവ്യയും കീര്‍ത്തനയും നീഷ്മയും ഉറ്റ സുഹൃത്തുക്കളാണ്. നീഷ്മയുടെ വീട്ടില്‍ പലതവണയായി മൂന്നുപേരെയും ഒരുമിച്ച് കണ്ടതായി നാട്ടുകാരും പറയുന്നു. ലക്ഷക്കണക്കിന് രൂപയാണ് ഇവരുടെ അക്കൗണ്ടിലൂടെ ഇടപാടായി നടന്നിട്ടുള്ളത്. പണം ലഭിച്ചയാളെക്കുറിച്ച് വിവരം ലഭിച്ചതായാണ് സൂചന. കേസിലെ മറ്റ് പ്രതികള്‍ സംസ്ഥാനത്തിന് പുറത്താണെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിരുന്നു.