27.9 C
Kollam
Friday 18th September, 2026 | 01:19:01 AM
Home News Kerala സംസ്ഥാനത്ത് കനത്തമഴ; 6 ഡാമുകളിൽ റെഡ് അലർട്ട്, ചിലയിടങ്ങളിൽ ഷട്ടറുകൾ തുറന്നു

സംസ്ഥാനത്ത് കനത്തമഴ; 6 ഡാമുകളിൽ റെഡ് അലർട്ട്, ചിലയിടങ്ങളിൽ ഷട്ടറുകൾ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ നിരവധി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. മൂഴിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽക്കുത്ത്, കുറ്റ്യാടി എന്നീ ആറ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
പാംബ്ല, കല്ലാർ ഡാമുകളുടെ ഷട്ടറുകൾ നിലവിൽ തുറന്നിട്ടുണ്ട്. മൂഴിയാർ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ അതിതീവ്ര മഴ തുടരുന്നതിനാൽ ഷട്ടറുകൾ ഏത് സമയത്തും തുറക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതോടെ കക്കാട്ടാറിലും പമ്പാനദിയിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി.
റാന്നി, കോഴഞ്ചേരി, ആറന്മുള, അപ്പർ കുട്ടനാട് മേഖലകളിൽ വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നതിനാൽ ആവശ്യമായാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു. കക്കയം ഡാമിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ കാൽ അടി വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും പുഴയിൽ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പത്തനംതിട്ടയിൽ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരപ്രദേശങ്ങളിൽ മിന്നൽപ്രളയ മുന്നറിയിപ്പും നിലവിലുണ്ട്.
അതേസമയം, മോശം കാലാവസ്ഥയെ തുടർന്ന് നെല്ലിയാമ്പതിയിലേക്കുള്ള വിനോദസഞ്ചാര പ്രവേശനം താൽക്കാലികമായി നിരോധിച്ചു. കട്ടപ്പന–കുമളി സംസ്ഥാനപാതയിലും വണ്ണപ്പുറം–ചേലച്ചുവട് പാതയിലും ഗതാഗതം ഭാഗികമായി മാത്രമാണ് നടക്കുന്നത്. നേര്യമംഗലം–അടിമാലി റോഡിൽ രാത്രികാല യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.