തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന്റെ അയോഗ്യത ഒഴിവാക്കാൻ യുഡിഎഫ് സർക്കാർ നടത്തിയനീക്കം വിവാദത്തിൽ. ക്രിമിനൽ കേസില്‍ തടവിലാക്കപ്പെട്ട സുഗതന്റെ കൗൺസിൽ സ്ഥാനം സംരക്ഷിക്കുന്ന ഉത്തരവ് ആഭ്യന്തരവകുപ്പാണ് പുറത്തിറക്കിയത്. ജൂൺ 20ന് സർക്കാർ പുറത്തിറക്കിയ ഈ ഉത്തരവിന്റെ ബലത്തിലാണ് വെള്ളിയാഴ്ചത്തെ കൗൺസിൽ യോഗത്തിൽ സുഗതന് ആറ് മാസത്തേക്ക് അവധി നൽകാൻ ബിജെപി ഭരണസമിതി തീരുമാനമെടുത്തത്.
കൗൺസിൽയോഗത്തിൽ നേരിട്ട് പങ്കെടുക്കാനാകില്ലെങ്കിലും, ജയിൽ സൂപ്രണ്ട് മുഖേന തിരുവനന്തപുരം കോർപറേഷൻ കൗൺസിലിന് അവധി സമർപ്പിക്കാൻ സുഗതന് അവകാശമുണ്ടെന്ന് ഉത്തരവിൽ പറയുന്നു. കോർപറേഷൻ കൗൺസിൽയോഗം ഈ അപേക്ഷ വോട്ടിനിട്ട് അംഗീകരിച്ചാൽ കൗൺസിൽസ്ഥാനം സുരക്ഷിതമായിരിക്കുമെന്നും സർക്കാർ സുഗതന് ഉറപ്പ് നൽകുന്നു. വെള്ളിയാഴ്ചത്തെ കൗൺസിൽയോഗത്തിൽ ഈ ഉത്തരവ് ഉയർത്തിപ്പിടിച്ചാണ് മേയർ വി വി രാജേഷ് സുഗതന് സംരക്ഷണമൊരുക്കിയത്. യുഡിഎഫ് വിമതനായ പൗണ്ട്കടവ് വാർഡ് കൗൺസിലറുടെ ഉൾപ്പെടെ 51 പേരുടെ പിന്തുണയിൽ സുഗതന്റെ അവധി അംഗീകരിച്ചെന്നും മേയർ പറഞ്ഞു. എൽഡിഎഫ് അംഗങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തിയപ്പോൾ മറ്റ് കാര്യങ്ങൾ ചർച്ചചെയ്യാതെ കൗൺസിൽ യോഗം പിരിഞ്ഞുഎന്ന് പ്രഖ്യാപിച്ച് മേയർ ഇറങ്ങിപ്പോയി.”
എന്നാൽ, തന്റെ വകുപ്പ് ഇറക്കിയ ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന വിചിത്ര നിലപാടിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസിനെ ഉൾപ്പെടെ ആക്രമിച്ച കേസിലെ പ്രതിയെ സംരക്ഷിക്കുംവിധം ഉത്തരവിറക്കിയത് മന്ത്രിയും അഡീഷണൽ ചീഫ് സെക്രട്ടറിയും അറിയാതെയാണെന്ന ന്യായീകരണം ബിജെപി-യുഡിഎഫ് ബന്ധത്തെ മറച്ചുവെക്കാനാണെന്നാണ് ആക്ഷേപം.
നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായി കരുതൽ തടങ്കലിൽ കഴിയുന്ന ആർ സുഗതൻ വെള്ളിയാഴ്‌ചത്തെ കൗൺസിലിൽ പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാകേണ്ടതായിരുന്നു. ഇത് മറികടക്കാനാണ് വഴിവിട്ട് അവധി അപേക്ഷയുമായി ബിജെപി നീക്കംനടത്തിയത്. നിയമപരമായി കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാനാകാത്ത അംഗങ്ങൾക്ക് അവധി അനുവദിക്കാൻ മുനിസിപ്പൽ ആക്ടിൽ വ്യവസ്ഥകളുണ്ട്. എന്നാൽ, ക്രിമിനൽ കേസില്‍ തടവിലാക്കപ്പെടുന്നയാള്‍ക്ക് അവധി നൽകുന്നതിന് പ്രത്യേക നിഷ്‌കർഷകളില്ല. 1994ലാണ് കേരള മുനിസിപ്പാലിറ്റി ആക്ട് നിലവിൽവന്നത്. കാപ്പനിയമം നിലവിൽവന്നത് 2007ലും. അതുകൊണ്ട് ‘കാപ്പ കേസിൽപ്പെടുന്ന ജനപ്രതിനിധിക്ക് എന്ത് അവകാശങ്ങളാണുള്ളത്’ എന്ന് ആക്ടിൽ പറയുന്നില്ല. മുനിസിപ്പൽ ആക്ടിനെ കൂട്ടുപിടിച്ച് സുഗതനെ സംരക്ഷിക്കാൻ ആകില്ല എന്നുറപ്പായതോടെയാണ് യുഡിഎഫ് സർക്കാരിന്റെ ഉത്തരവ് ബിജെപിക്ക് ബലമായത്.
ചട്ടവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നീക്കത്തിലൂടെയാണ് സുഗതനെ മേയർ സംരക്ഷിക്കുന്നതെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് എസ് പി ദീപക് പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ദീപക് അറിയിച്ചു.

































