26.8 C
Kollam
Tuesday 25th August, 2026 | 06:54:20 PM
Home News Kerala കവര്‍ച്ചയ്ക്കിടെ വൃദ്ധയെ കൊന്ന് മൃതദേഹം കത്തിച്ചതായി സംശയം

കവര്‍ച്ചയ്ക്കിടെ വൃദ്ധയെ കൊന്ന് മൃതദേഹം കത്തിച്ചതായി സംശയം

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ കവര്‍ച്ചയ്ക്കിടെ വൃദ്ധയെ കൊന്ന് മൃതദേഹം കത്തിച്ചതായി സംശയം. മൃതദേഹം കിട്ടാതെ കൊലപാതകം ഉറപ്പിക്കാനാകില്ലെന്നാണ് പൊലീസ് പറയുന്നത്.

ജൂണ്‍ 10 മുതല്‍ വടകരപ്പതി ആട്ടയമ്പതി സ്വദേശിനിയായ സരസാള്‍ (66) എന്ന വയോധികയെ കാണാനില്ലെന്ന് കാട്ടി മകള്‍ ജൂണ്‍ 12ന് കൊഴിഞ്ഞാമ്പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് പ്രദേശത്തെ ചില യുവാക്കളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിലെടുത്തവരില്‍ പ്രായപൂര്‍ത്തിയാകാത്ത ആളുമുണ്ട്. ചോദ്യം ചെയ്യലിനിടെ വയോധികയെ കൊലപ്പെടുത്തിയശേഷം മൃതദേഹം ശുചിമുറിയിലെ ഡ്രമ്മില്‍ ഇട്ടു കത്തിക്കുകയും പകുതി കത്തിയ നിലയില്‍ ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയതായും പ്രതികള്‍ സമ്മതിച്ചതായാണ് സൂചന. സരസാളിന്റെ മൂക്കുത്തി അടക്കമുള്ള ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നാണ് വിവരം.

സംഭവസ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. മൃതദേഹം പുറത്തെടുത്തു ശാസ്ത്രീയ പരിശോധനയും തുടര്‍നടപടികളും പൂര്‍ത്തിയാക്കിയശേഷമേ സംഭവത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുകയുള്ളൂ. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.