25.3 C
Kollam
Saturday 10th October, 2026 | 02:19:44 AM
Home News National നിക്ഷേപ തട്ടിപ്പിന് പിന്നാലെ സ്വിറ്റ്സർലൻഡിലേയ്ക്ക് കടന്ന ദമ്പതികളെ കാണാതായതായി പരാതി

നിക്ഷേപ തട്ടിപ്പിന് പിന്നാലെ സ്വിറ്റ്സർലൻഡിലേയ്ക്ക് കടന്ന ദമ്പതികളെ കാണാതായതായി പരാതി

നിക്ഷേപ തട്ടിപ്പിന് പിന്നാലെ സ്വിറ്റ്സർലൻഡിലേയ്ക്ക് കടന്ന ദമ്പതികളെ കാണാതായതായി പരാതി. വ്യവസായിയായ പബ്ബ ചന്ദ്രശേഖർ (51), ഭാര്യ സ്വപ്ന (42) എന്നിവരെയാണ് കാണാതായത്. മാതാപിതാക്കളെക്കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് 22കാരിയായ മകൾ ശ്രേയ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.


ദമ്പതികളുടെ ചിട്ടിക്കമ്പനിയിലേക്ക് നിക്ഷേപകരിൽനിന്ന് കോടികൾ വാങ്ങിയ ശേഷമാണ് ഇരുവരും നാടുവിട്ടതെന്ന് പൊലീസ് കണ്ടെത്തി. ഇരുവരും പണം തട്ടി മുങ്ങിയതാണോയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇക്കഴിഞ്ഞ ജൂൺ 22നാണ് ചന്ദ്രശേഖറും ഭാര്യ സ്വപ്നയും സ്വിറ്റ്സർലൻഡിൽ അവധിയാഘോഷിക്കാനായി വീടുവിട്ടത്.


ആദ്യം ഇവർ ബന്ധുക്കളെ ബന്ധപ്പെട്ടിരുന്നെങ്കിലും ജൂലൈ എട്ടിന് ശേഷം അതുണ്ടായില്ല. ദമ്പതികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾ പലതവണ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് അല്ലെങ്കിൽ പരിധിക്ക് പുറത്താണെന്നായിരുന്നു മറുപടി. പിന്നാലെയാണ് സോഫ്റ്റ് വെയർ എൻജീനിയർ കൂടിയായ ശ്രേയ പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ദമ്പതികൾ സ്വിറ്റ്സർലൻഡിൽ എത്തിയിട്ടുണ്ടോ എന്നും കണ്ടെത്താൻ ഇരുവരുടെയും യാത്രാവിവരങ്ങൾ, ഇമിഗ്രേഷൻ രേഖകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ അന്വേഷിച്ച് വരികയാണ്. ദമ്പതികളുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും നിക്ഷേപകരിൽനിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. ദമ്പതികളെ കാണാതായ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, സ്വയം ഒളിവിൽ പോയതാണോ അതോ സാമ്പത്തിക തട്ടിപ്പാണോ എന്നത് ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.