27.5 C
Kollam
Saturday 11th July, 2026 | 01:52:24 PM
Home News Breaking News തെലങ്കാനയെ ഞെട്ടിച്ച് കൂട്ടക്കൊല…പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി അതിജീവിത അടക്കം ആറുപേരെ വെട്ടിക്കൊന്നു

തെലങ്കാനയെ ഞെട്ടിച്ച് കൂട്ടക്കൊല…പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി അതിജീവിത അടക്കം ആറുപേരെ വെട്ടിക്കൊന്നു

ഹൈദരാബാദ്: തെലങ്കാനയെ ഞെട്ടിച്ച് കൂട്ടക്കൊല. തനിക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ കൗമാരക്കാരിയെയും അവളുടെ കുടുംബത്തെയും കൊലപ്പെടുത്തിയതിന് പുറമേ 35കാരനായ പ്രതി സ്വന്തം ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി. തെലങ്കാനയിലെ രംഗ റെഡ്ഡിയില്‍ ആണ് സംഭവം. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി രാജ്കുമാറിന് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഷാബാദിലെ തങ്ങളുടെ വസതിയില്‍ വെച്ച് ആദ്യം 30 വയസ്സുള്ള ഭാര്യ പാര്‍വതി സരിതയെയും നാലും ഒന്നും വയസുള്ള രണ്ട് ആണ്‍മക്കളെയുമാണ് ഇയാൾ ആക്രമിച്ചത്. തുടര്‍ന്ന്, ഒരു മാസം മുന്‍പ് തനിക്കെതിരെ പോക്സോ കേസ് കൊടുത്ത 17 വയസുകാരിയുടെ വീട്ടിലേക്ക് ഇയാള്‍ പോയി. അവിടെ നിന്നും പെണ്‍കുട്ടിയെ കാറില്‍ കയറ്റി വിജനമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. കൂടാതെ, പെണ്‍കുട്ടിയുടെ 45 വയസ്സുള്ള അമ്മയെയും 65 വയസ്സുള്ള അമ്മൂമ്മയെയും ഇയാള്‍ കൊലപ്പെടുത്തി. സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന, 17കാരിയുടെ സഹോദരിയായ 20കാരിയെ ഉപദ്രവിച്ചില്ല. ഇവര്‍ ഭിന്നശേഷിക്കാരിയാണ്.
ആറുപേരെ വെട്ടിക്കൊന്ന ശേഷം രാജ്കുമാര്‍ തന്റെ പിതാവിനെ വിളിച്ചാണ് ഇക്കാര്യം ആദ്യം അറിയിച്ചത്. തുടർന്ന് പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും പ്രതി പറഞ്ഞിരുന്നു, എന്നാല്‍ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തതിനും ലൈംഗികാതിക്രമത്തിനും മെയ് മാസത്തിലാണ് രാജ്കുമാറിനെതിരെ ഇതിന് മുൻപ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതി പെണ്‍കുട്ടിയെ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വീട് വരെ പിന്തുടരുകയും തന്റെ പ്രണയാഭ്യര്‍ത്ഥന സ്വീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നതായും പോലീസ് പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ രാജ്കുമാര്‍, വകുപ്പുകള്‍ പ്രകാരം ലഭിക്കാവുന്ന ശിക്ഷ ഏഴ് വര്‍ഷത്തില്‍ താഴെയായതിനാല്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഈ ദാരുണമായ കൊലപാതകങ്ങള്‍ക്ക് ഒരാഴ്ച മുന്‍പാണ് 20,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here