പെരുമ്പാവൂരില്‍ അതിഥിതൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച ലഹരിമരുന്നുമായി ഉത്തര്‍പ്രദേശുകാരന്‍ എക്‌സൈസിന്റെ പിടിയില്‍. വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച പതിമൂന്ന് ഗ്രാം ഹെറോയിന്‍ ഇയാളില്‍ നിന്ന് പിടികൂടി. കുന്നത്തുനാട് എക്‌സൈസിന്റെ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.
പെരുമ്പാവൂര്‍ നഗരത്തിന്റെ ഒരു വശത്ത് പൊലീസും മറുവശത്ത് എക്‌സൈസിന്റെയും നേതൃത്വത്തിലാണ് പരിശോധന. നടപടികള്‍ കര്‍ശനമാകുമ്പോളും ലഹരിമാഫിയ സംഘങ്ങള്‍ സജീവമായുണ്ട്. പെരുമ്പാവൂരിലെ ലഹരിവിതരണക്കാര്‍ മാളങ്ങളില്‍ ഒളിച്ചപ്പോള്‍ ലഹരിയെത്തിക്കാന്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ ഇറങ്ങി തുടങ്ങി. പെരുമ്പാവൂരിലെ സ്ഥിരം ലഹരികച്ചവടക്കാര്‍ നിലവില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നില്ല. ഇതോടെ ആവശ്യക്കാര്‍ മറ്റ് സ്ഥലങ്ങളിലുള്ള ലഹരിസംഘങ്ങളെ സമീപിക്കുകയാണ്. ഇങ്ങനെ ലഭിച്ച ഓര്‍ഡര്‍പ്രകാരമുള്ള ലഹരിവിതരണം ചെയ്യാനെത്തിയതാണ് ഉത്തര്‍പ്രദേശ് സ്വദേശി ജിയാറുല്‍. പെരുമ്പാവൂര്‍ നഗരത്തിലേക്ക് നടന്നുവന്ന ജിയാറുല്‍ എക്‌സൈസിന്റെ മുന്നില്‍പ്പെട്ടു. നിന്ന് പരുങ്ങിയതോടെ ഉദ്യോഗസ്ഥര്‍ ദേഹപരിശോധന നടത്തി. മൂന്ന് ഡപ്പികളിലായി സൂക്ഷിച്ച ഹെറോയിന്‍ ആദ്യ പരിശോധനയില്‍ തന്നെ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച പത്ത് ഗ്രാമിലേറെ ഹെറോയിന്‍ കൂടി കണ്ടെത്തിയത്. അതിഥി തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന പാലക്കാട്ടുതാഴം, ഭായികോളനിയുടെ പരിസരത്തുനിന്നാണ്.
ഇയാള്‍ക്ക് ഹെറോയിന്‍ ലഭിച്ചതിന്റെ ഉറവിടം അന്വേഷിച്ചു വരികയാണ്. സാധാരണ ബംഗാള്‍, അസാം സ്വദേശികളാണ് ലഹരിവില്‍പനയുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരില്‍ ഏറെയും. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളിലായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പെരുമ്പാവൂരില്‍ ലഹരികച്ചവടത്തിനായി എത്തുന്നു. ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതിനൊപ്പം വന്‍ സാമ്പത്തികലാഭവുമാണ് ലഹരികച്ചവടത്തിലേക്ക് തിരിയാനുള്ള പ്രധാന കാരണം. മുന്‍പ് മറ്റ് തൊഴില്‍ ചെയ്ത് ഉപജീവനം നടത്തിയിരുന്ന പല അതിഥി തൊഴിലാളികളുടെയും പ്രധാന തൊഴില്‍ ലഹരികച്ചവടമാണ്. കര്‍ശന നടപടികളിലൂടെ ലഹരിമാഫിയ സംഘങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമം.
































