Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 | ഓഗസ്റ്റ് 9, ഞായര്‍ 1201 | കര്‍ക്കടകം 24,...

പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 | ഓഗസ്റ്റ് 9, ഞായര്‍ 1201 | കര്‍ക്കടകം 24, മകീര്യം

അര്‍ജുന്‍ ആയങ്കി കണ്ണൂരില്‍ അറസ്റ്റില്‍

നിരവധി കേസുകളില്‍ പ്രതിയായ, പോലിസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന, അര്‍ജുന്‍ ആയങ്കിയെ കണ്ണൂരില്‍ നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അര്‍ജുന്‍ ആയങ്കി പിടിയിലായത്. കണ്ണൂരിലെ അഭിഭാഷകയുടെ വീട്ടില്‍ ഒളിവിലിരിക്കുകയായിരുന്നു. ഡിഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സാഹസികമായാണ് അര്‍ജുന്‍ ആയങ്കിയെ പിടികൂടിയത്. രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. പൊലീസ് എത്തിയതോടെ അര്‍ജുന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നേരത്തെ അര്‍ജുന്‍ ആയങ്കി ഒളിവില്‍ പോകാന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. കണ്ണൂര്‍ വളപട്ടണം പൊലീസാണ് ഭാര്യയുടെ പേരിലുള്ള കാര്‍ കസ്റ്റഡിയിലെടുത്തത്.

അമേരിക്കന്‍ അംബാസഡറും സംഘവും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അമേരിക്കന്‍ അംബാസഡര്‍ സെര്‍ജിയോ ഗോറും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മരുമകനും പ്രമുഖ വ്യവസായിയുമായ മൈക്കല്‍ ബൂലോസും മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളിലെ കപ്പല്‍നിര്‍മാണം, ആയുര്‍വേദ ടൂറിസം തുടങ്ങിയ മേഖലകളില്‍ സഹകരിക്കുന്ന കാര്യം ചര്‍ച്ചയായി.

സ്വാതന്ത്രദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം പാടുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങള്‍

സ്വാതന്ത്രദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം മുഴുവനായും പാടണമെന്നു ചീഫ് സെക്രട്ടറി. വന്ദേമാതരം പൂര്‍ണമായും ചൊല്ലേണ്ടതില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും. വന്ദേമാതരം മുഴുവനായി പാടണമെന്ന് ലോക്ഭവന്‍ നിര്‍ദേശിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി. മുഴുവനായും പാടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. ജില്ലകളിലെ സ്വാതന്ത്രദിന ചടങ്ങുകള്‍ക്കു വന്ദേമാതരം പാടുന്നതിനെക്കുറിച്ച് പ്രോട്ടോക്കോള്‍ വിഭാഗം നല്‍കിയ സര്‍ക്കുലറില്‍ പറയുന്നില്ല.

കേരളാ ലോട്ടറി ഒഫീഷ്യല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

ലോട്ടറിയടിച്ചോയെന്ന് ഇനി ആപ്പിലൂടെ അറിയാം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ കേരളാ ലോട്ടറി ഒഫീഷ്യല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാണെന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ അഞ്ജു കെ എസ് അറിയിച്ചു. ഭാഗ്യക്കുറി നറുക്കെടുപ്പു ഫലങ്ങള്‍ അറിയിക്കാനാണ് ആപ്പ് സജ്ജമാക്കിയത്.

ചെറുപുഴയിലെ രക്ഷാപ്രവര്‍ത്തനം: പയ്യന്നൂര്‍ തഹസില്‍ദാര്‍ സസ്പെന്‍ഡില്‍

ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച റപ്പലിംഗ് ഇന്‍സ്ട്രക്ടര്‍ രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാന്‍ ഫ്രീസറിനു പണം നല്‍കണമെന്ന് ആവശ്യപ്പെട്ട പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ.പി പോളിനെ സസ്പെന്‍ഡ് ചെയ്തു. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്യാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍ദേശിച്ചിരുന്നു.

വി.ഡി. സവര്‍ക്കറെ പുകഴ്ത്തിയ ചോദ്യാവലി: കര്‍ശന നടപടിക്ക് നിര്‍ദേശം

വി.ഡി. സവര്‍ക്കറെ പുകഴ്ത്തിയ വിവാദ ചോദ്യാവലിയില്‍ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

പാണക്കാട് – വേങ്ങര റോഡില്‍ എടായിപ്പാലത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

പാണക്കാട് – വേങ്ങര റോഡില്‍ എടായിപ്പാലത്ത് സ്വകാര്യ ഭൂമിയിലെ മണ്ണിടിച്ചില്‍ ഭീഷണി തുടരുന്നതിനാല്‍ ഈ റോഡില്‍ ഗതാഗതത്തിന് മലപ്പുറം ജില്ലാ കളക്ടര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പാണക്കാട് എടായിപ്പാലം മുതല്‍ കാരാത്തോട് സ്‌കൂള്‍ ജംഗ്ഷന്‍ വരെ റെഡ്, ഓറഞ്ച് അലര്‍ട്ടുള്ള ദിവസങ്ങളില്‍ 24 മണിക്കൂറും യാത്ര നിരോധിച്ചു. മറ്റു ദിവസങ്ങളില്‍ രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ ഗതാഗതം നിരോധിച്ചിട്ടുണ്ട്.

അര്‍ജുന്‍ ആയങ്കിക്കെതിരെ കടുത്ത പ്രതികരണവുമായി എം.വി. ജയരാജന്‍

അര്‍ജുന്‍ ആയങ്കിയെ തൂഫാന്‍ പോലെ തൂക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജന്‍. കേസുകളില്‍ പ്രതിയായ ഒരാള്‍ പൊലീസിനെ വെല്ലുവിളിച്ചു നടക്കുന്നത് ആശ്ചര്യകരമാണെന്നും അര്‍ജുന്‍ ആയങ്കിയെ പിടികൂടാനുള്ള കരുത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ ഇന്നാരംഭിക്കും. ഇന്നു വൈകുന്നേരം മുതല്‍ ഫോട്ടോ പ്രദര്‍ശനം. നാളെ നാലിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ എന്നിവര്‍ പ്രസംഗിക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.

സ്വാതന്ത്ര്യസമര ക്വിസ് മത്സര വിവാദം: ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം

സ്വാതന്ത്ര്യസമര ക്വിസ് മത്സരത്തില്‍ വി.ഡി. സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യത്തിനെതിരായ പ്രചാരണം ചരിത്രം തിരുത്താനുള്ള മുസ്ലിം ലീഗിന്റെ ശ്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നാടിന്റെ ചരിത്രം തീരുമാനിക്കേണ്ടത് ലീഗ് അല്ലെന്നും സവര്‍ക്കറെ ഇഷ്ടമില്ലെങ്കില്‍ ടിപ്പു സുല്‍ത്താന്റെ പുസ്തകം വായിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

മുതലപ്പൊഴിയിലെ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

തിരുവനന്തപുരത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ ഒന്‍പതാം ദിവസവും കണ്ടെത്താനായില്ല. മുതലപ്പൊഴിയില്‍ സ്‌കൂബ സംഘത്തിന്റെ തിരച്ചില്‍ പ്രതികൂല കാലാവസ്ഥ കാരണം അവസാനിപ്പിച്ചു. മുങ്ങല്‍ വിദഗ്ധര്‍ എത്താന്‍ വൈകിയതില്‍ പ്രതിഷേധമുണ്ടായി.

മറൈന്‍ ആംബുലന്‍സ് പദ്ധതി പരാജയപ്പെട്ടെന്ന് കുമ്മനം രാജശേഖരന്‍

കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ കോടികള്‍ ചെലവിട്ട് നടപ്പാക്കിയ മറൈന്‍ ആംബുലന്‍സ് പദ്ധതി സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥ സംവിധാനത്തിന്റെയും ഗുരുതരമായ അനാസ്ഥ മൂലം പരാജയപ്പെട്ടതായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. പദ്ധതിയെക്കുറിച്ച് സ്വതന്ത്ര വിദഗ്ധ സമിതിയുടെ പരിശോധനയും സമഗ്രമായ സാമ്പത്തിക ഓഡിറ്റും വേണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തു

ഔദ്യോഗിക വാഹനം കാണാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തു. ആലപ്പുഴ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടശേഷമാണ് ഓട്ടോയില്‍ യാത്ര ചെയ്യേണ്ടിവന്നത്.

ഷെവലിയര്‍ പദവി ലഭിച്ചു

കത്തോലിക്കാ സഭയില്‍ അല്‍മായര്‍ക്കുള്ള പരമോന്നത ബഹുമതിയായ ഷെവലിയര്‍ പദവി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസിനും വിദേശ മലയാളി സംരംഭകന്‍ ജോസ് ആന്റണി പുത്തന്‍വീട്ടിലിനും ലഭിച്ചു.

ചെറിയനാട്ട് ട്രെയിനിടിച്ചു മരണം

കാശിനാഥന്‍ ബില്‍ഡേഴ്സ് ഉടമയും മാന്നാര്‍ മൂലശേരില്‍ സ്വദേശിയുമായ മധുസൂദനന്‍ (52) ചെറിയനാട്ട് ട്രെയിനിടിച്ചു മരിച്ചു. ചെറിയനാട് മാമ്പള്ളി പടി ലെവല്‍ ക്രോസിനു സമീപം ഇന്നോവ കാറിലെത്തിയ മധുസൂദനന്‍ ട്രെയിനിനു മുന്നിലേക്കു ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മാട്രിമോണി തട്ടിപ്പ് പ്രതി അറസ്റ്റില്‍

മാട്രിമോണി സൈറ്റുകളില്‍ വ്യാജ പ്രൊഫൈല്‍ പ്രചരിപ്പിച്ച് സ്ത്രീകളില്‍നിന്നു പണം തട്ടിയ പ്രതി അറസ്റ്റില്‍. പാലക്കാട് ഒറ്റപ്പാലം വീരമംഗലം സ്വദേശി കൂരിക്കാട്ടില്‍ വീട്ടില്‍ അന്‍സാര്‍ (40) നെയാണ് പത്തനംതിട്ട സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലെ സുമുഖരായ ചെറുപ്പക്കാരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാണു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയിരുന്നത്.

പത്തനാപുരത്ത് ഭീതി പരത്തിയ പുലി കൂട്ടില്‍ കുടുങ്ങി

പത്തനാപുരം അലിമുക്കില്‍ മാസങ്ങളായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുലി ഒടുവില്‍ കെണിയിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

പോക്സോ കേസ് പ്രതി വീട്ടില്‍നിന്ന് പിടിയില്‍

തിരുവനന്തപുരം നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തതോടെ ഓടി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി നിതിന്‍ രാജിനെ(31) പോലീസ് വീട്ടില്‍നിന്നു പിടികൂടി.

പതിനഞ്ചു കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയില്‍

പതിനഞ്ചു കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയില്‍. മുര്‍ഷിദാബാദ് കമര്‍പൂര് കോളനി സ്വദേശിയായ അഹദ് അലി (36) യെയാണ് ഇടപ്പള്ളി ടോള്‍ ഭാഗത്തുനിന്ന് കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.

പോക്സോ കേസില്‍ ഗുണ്ടാ തലവന്‍ സാഗേഷ് കുമ്പാളി അറസ്റ്റില്‍

പോക്സോ കേസില്‍ ഗുണ്ടാ തലവന്‍ സാഗേഷ് കുമ്പാളി അറസ്റ്റില്‍. ബത്തേരിയില്‍ ഒളിവില്‍ കഴിയവെ റിസോര്‍ട്ട് വളഞ്ഞാണ് ഇയാളെ എലത്തൂര്‍ പൊലീസ് പിടികൂടിയത്.

പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനന്‍ എന്ന പാപ്പാനാണ് മരിച്ചത്. പ്രിയദര്‍ശിനി എന്ന ആനയാണ് മീന എന്ന ആനയുടെ പാപ്പാനായ മോഹനനെ ആക്രമിച്ചത്.

തമിഴ്നാട് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്നും എംപിമാര്‍ വിട്ടുനിന്നു

മണ്ഡല പുനര്‍നിര്‍ണയം ചര്‍ച്ച ചെയ്യാന്‍ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് വിളിച്ച യോഗത്തില്‍ 57 എംപിമാരില്‍ 37 പേരും വിട്ടുനിന്നു. കോണ്‍ഗ്രസിന്റെയും ചെറുപാര്‍ട്ടികളുടെയും 20 പാര്‍ലമെന്റ് അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്.

മണ്ഡല പുനര്‍നിര്‍ണയ ബില്ലിനും വനിതാസംവരണ ബില്ലിനും പിന്തുണ പ്രഖ്യാപിച്ച് ശിരോമണി അകാലി ദള്‍

മണ്ഡല പുനര്‍നിര്‍ണയ ബില്ലിനും വനിതാസംവരണ ബില്ലിനും പിന്തുണ പ്രഖ്യാപിച്ച് ശിരോമണി അകാലി ദള്‍. പാര്‍ലമെന്റില്‍ വെള്ളിയാഴ്ച അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ്ബാദല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്നാട്ടിലെ ജലസേചനത്തിനായി വെള്ളം തുറന്നുവിട്ടു. തേനി ജില്ലയിലെ കമ്പം താഴ്വരയിലുള്ള 14,707 ഏക്കര്‍ സ്ഥലത്തെ നെല്‍ക്കൃഷിക്കു വേണ്ടിയാണു വെള്ളം തുറന്നത്. സെക്കന്‍ഡില്‍ 200 ഘനയടി വീതം 120 ദിവസത്തേക്കാണ് തുറന്നുവിട്ടത്. ഇതോടൊപ്പം, മധുര കോര്‍പ്പറേഷന്‍ പ്രദേശത്തെ കുടിവെള്ളത്തിനായി സെക്കന്‍ഡില്‍ 150 ഘനയടി വെള്ളവും തുറന്നിട്ടുണ്ട്.

മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവന കൊളളയില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു

മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവന കൊളളയില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ രേഖകള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. ക്ഷേത്രത്തില്‍നിന്ന് പ്രതിവര്‍ഷം 18 കോടി രൂപയിലധികം നഷ്ടമായതായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ ആരോപിച്ചിരുന്നു.

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ വിഐപി ദര്‍ശനത്തിന് നിയന്ത്രണം

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ വിഐപി ദര്‍ശനത്തിന് നിയന്ത്രണം. വിഐപി സന്ദര്‍ശനത്തിന് തലേന്നുതന്നെ വിവരം അറിയിക്കണമെന്നാണ് പുതിയ തീരുമാനം. ക്ഷേത്രത്തില്‍ എത്തുന്ന സമയവും ഒപ്പമുള്ളവരുടെ എണ്ണം എന്നിവ അറിയിക്കണം. ക്ഷേത്രത്തിനുള്ളില്‍ വീഡിയോ ചിത്രീകരണം അനുവദിക്കില്ല. സിനിമാ താരങ്ങള്‍, രാഷ്ട്രീയനേതാക്കള്‍ തുടങ്ങിയവര്‍ക്കും തീരുമാനം ബാധകമെന്ന് ദേവസ്വം വകുപ്പ് വ്യക്തമാക്കി.

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണില്‍ സംസാരിച്ചു

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണില്‍ സംഭാഷണം നടത്തി. പ്രധാനമേഖലകളില്‍ ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. വാന്‍സിനും ഭാര്യ ഉഷ വാന്‍സിനും ആണ്‍കുഞ്ഞ് പിറന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചു.

ഝാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി സമരം

ഝാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ തസ്തികകളില്‍ പരീക്ഷാ ക്രമക്കേട് ആരോപിച്ച് സമരംചെയ്യുന്ന വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ചനടത്തി. ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്തുണയുമായി കോക്റോച്ച് ജനത പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തി. സിജെപി പ്രതിനിധികളായ മുകേഷ്, ആകാശ് ഷിന്‍ഡെ എന്നിവരാണ് ജാര്‍ഖണ്ഡില്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

തൊഴിലില്ലായ്മയെക്കുറിച്ച് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം

ആയിരം യുവതീ യുവാക്കളില്‍ വെറും 12 പേര്‍ക്ക് മാത്രമാണ് സ്ഥിരമായ ജോലി ലഭിക്കുന്നതെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ യഥാര്‍ത്ഥ ശക്തി 40 കോടി ഊര്‍ജസ്വലരായ യുവജനങ്ങളാണ്. ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജില്‍ നടന്ന ‘ഛാത്രോന്‍ കി ഗൂഞ്ച്’ എന്ന വിദ്യാര്‍ത്ഥി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

ഇന്ത്യ പാചകവാതകം ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് അമേരിക്കയില്‍നിന്നെന്ന് കേന്ദ്രമന്ത്രി

ഇന്ത്യ പാചകവാതകം ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് അമേരിക്കയില്‍നിന്നാണെന്നു കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഈ വര്‍ഷം തുടക്കത്തില്‍ ഇന്ത്യ 10 ശതമാനം മാത്രമാണ് യു.എസില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ 67 ശതമാനമായെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മെറ്റ അല്‍ഗോരിതം മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് മെറ്റ അല്‍ഗോരിതം മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡീപ്ഫേക്കും വ്യാജപ്രചാരണവും തടയണം. കണ്ടന്റ് മോഡറേഷന്‍ കൂടുതല്‍ ശക്തമാക്കണം. ഉടന്‍ നടപടി വേണമെന്നും മോര്‍ഫ് ചെയ്ത ചിത്രങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകളും വേഗം നീക്കം ചെയ്യണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

പോര്‍ച്ചുഗലില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വില്‍ക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു

പോര്‍ച്ചുഗലില്‍ ജോലി വാഗ്ദാനം ചെയ്ത് നാഗ്പൂര്‍ സ്വദേശിയായ യുവതിയെ വില്‍ക്കുകയും 11 ലക്ഷം രൂപ തട്ടിയെടുക്കുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തെന്ന പരാതിയില്‍ മനുഷ്യക്കടത്ത് സംഘത്തിനെതിരെ പുണെ പോലീസ് കേസെടുത്തു. നാഗ്പൂര്‍ സ്വദേശി 28-കാരിയായ കൊമേഴ്‌സ് ബിരുദധാരിയാണ് തട്ടിപ്പിനിരയായത്.

പാകിസ്ഥാനില്‍ പെട്രോള്‍ വിലവര്‍ധനവിനും പണപ്പെരുപ്പത്തിനും എതിരെ ജനകീയ പ്രതിഷേധം

പാകിസ്ഥാനില്‍ പെട്രോള്‍ വിലവര്‍ധനവിനും പണപ്പെരുപ്പത്തിനും എതിരെ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ വന്‍ ജനകീയ പ്രതിഷേധം. കറാച്ചി, ലാഹോര്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നടന്ന റാലികളില്‍, സര്‍ക്കാര്‍ അധിക നികുതി പിന്‍വലിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ പിതാവ് അന്തരിച്ചു

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ പിതാവ് ഹോര്‍ഹെ ഹൊറാഷിയോ മെസ്സി അന്തരിച്ചു. 68 കാരനായ ഹോര്‍ഹെ മെസി ഏറെക്കാലമായി ചികിത്സയിലായിരുന്നു.

എജിഎസ് ഹെല്‍ത്ത് ഓഹരി വിപണിയിലേക്ക്

ആഗോള നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണിന്റെ ഉടമസ്ഥതയിലുള്ള എജിഎസ് ഹെല്‍ത്ത് 4,800 കോടി രൂപ സമാഹരിക്കാനായി ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നു. യുഎസ് ആരോഗ്യ സേവന ദാതാക്കള്‍ക്ക് റെവന്യൂ സൈക്കിള്‍ മാനേജ്‌മെന്റ് സേവനങ്ങള്‍ നല്‍കുന്ന കമ്പനി, ഇതിനായുള്ള പുതുക്കിയ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് സെബിക്ക് സമര്‍പ്പിച്ചു. ഐപിഒയിലൂടെ 1,800 കോടി രൂപയുടെ പുതിയ ഓഹരികളും, ബ്ലാക്ക്‌സ്റ്റോണിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ബിസിപി ഏഷ്യ 2 ടോപ്‌കോ വഴി 3,000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ആണ് കമ്പനി ലക്ഷ്യമിടുന്നത്. തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി, ഐപിഒയിലൂടെ ലഭിക്കുന്ന തുകയില്‍ നിന്ന് 1,600 കോടി രൂപ തങ്ങളുടെ ഉപകമ്പനികളുടെ കടബാധ്യതകള്‍ തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കും. 2026 മാര്‍ച്ചിലെ കണക്കനുസരിച്ച് കമ്പനിക്ക് ഏകദേശം 4,238.8 കോടി രൂപയുടെ കടബാധ്യതയുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 206.9 കോടി രൂപ ലാഭവും 2,041.4 കോടി രൂപ വരുമാനവും രേഖപ്പെടുത്തി.

ഓപ്പണ്‍ എഐയുടെ ഭാവി സംബന്ധിച്ച പ്രവചനം

ഓപ്പണ്‍ എഐ രണ്ടു വര്‍ഷത്തിനപ്പുറം മുന്നോട്ടു പോകില്ലെന്ന് പ്രവചനം. ഗൂഗിള്‍ ഡീപ്മൈന്‍ഡ് എഞ്ചിനീയര്‍ എഡ് സിട്രോണ്‍ 2024-ല്‍ തന്നെ ഓപ്പണ്‍എഐയുടെ തകര്‍ച്ച പ്രവചിച്ചിരുന്നു. അടുത്തിടെ ട്വിറ്ററില്‍ ഇതുസംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചതോടെയാണ് ഈ വിഷയത്തിലുള്ള ചര്‍ച്ച വീണ്ടും സജീവമായത്. വ്യക്തമായ കാരണങ്ങള്‍ നിരത്തിയാണ് എഡ് സിട്രോണ്‍ ഓപ്പണ്‍എഐയുടെ തകര്‍ച്ച പ്രവചിക്കുന്നത്. മൈക്രോസോഫ്റ്റുമായുള്ള ബന്ധം വിജയകരമാക്കുക, കൂടുതല്‍ പണം കണ്ടെത്തുക, എഐയുടെ ചെലവ് കുറയ്ക്കാന്‍ കഴിയുക, എഐ മോഡലുകള്‍ക്ക് പുതിയ ഉപയോഗ സാധ്യതകള്‍ കണ്ടെത്തുക, പുതിയ ജോലികള്‍ സൃഷ്ടിക്കുക തുടങ്ങിയവ നിശ്ചിത സമയ പരിധിക്കുള്ളില്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഓപ്പണ്‍എഐയുടെ തകര്‍ച്ച ഉറപ്പാണെന്നാണ് പ്രവചനം. ഇതില്‍ പ്രതികരിച്ച് ഓപ്പണ്‍എഐ സിഇഓ സാം ഓള്‍ട്ട്മാന്‍ രംഗത്തെത്തി. ശുഭാപ്തി വിശ്വാസത്തോടെ കഠിനാധ്വാനം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നാണ് സാം ഓള്‍ട്ട്മാന്‍ പറയുന്നത്.

‘കൊല്ലം കോട്ട കമ്പനി’ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

മലയാള സിനിമയില്‍ തന്റേതായ ശൈലികൊണ്ട് ശ്രദ്ധേയനായ ടിനു പാപ്പച്ചന്‍ ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന റോ ആക്ഷന്‍ ചിത്രം ‘കൊല്ലം കോട്ട കമ്പനി’യുടെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചിത്രത്തിന്റെ ‘ലോക്കല്‍’ സ്വഭാവത്തെ അടിവരയിടുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്. കൊല്ലം കേന്ദ്രീകരിച്ചു കഥ നടക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ പുതുമുഖങ്ങളാണ് അവതരിപ്പിക്കുന്നത്. അരുണ്‍ നാരായണന്‍, അഞ്ജന ഫിലിപ്പ്, ബിനു എസ്.ഡി, ടിനു പാപ്പച്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അച്ചു ബേബി ജോണ്‍ സഹനിര്‍മ്മാതാവായി ചിത്രത്തിലുണ്ട്. ടിനു പാപ്പച്ചന്‍ സിനിമകളുടെ നട്ടെല്ലായ ശക്തമായ സാങ്കേതിക പ്രവര്‍ത്തകരുടെ നിര തന്നെയാണ് ഈ ചിത്രത്തിനുമുള്ളത്. ആര്‍. അരവിന്ദന്‍, സുജിത്ത് സുന്ദരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ജസ്റ്റിന്‍ വര്‍ഗീസിന്റെ സംഗീതം ഈ ചിത്രത്തിലുമുണ്ട്. ഛായാഗ്രഹണം റാഹില്‍ നിര്‍വ്വഹിക്കുന്നു.

‘രാമായണം’ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘രാമായണ’ ഇന്ത്യയിലെ റിലീസിന് രണ്ട് ദിവസം മുന്‍പ് തന്നെ ചിത്രം വിദേശരാജ്യങ്ങളില്‍ റിലീസ് ചെയ്യും. വിദേശരാജ്യങ്ങളില്‍ നവംബര്‍ 6-ന് റിലീസ് ചെയ്യുമ്പോള്‍, ഇന്ത്യയില്‍ ചിത്രം ദീപാവലി പ്രമാണിച്ച് നവംബര്‍ 8-നാണ് തീയേറ്ററുകളിലെത്തുക. അന്താരാഷ്ട്ര വിതരണ രീതികള്‍ സാധാരണയായി വെള്ളിയാഴ്ചകളെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്, അതിനാലാണ് വിദേശത്ത് നവംബര്‍ 6 ന് റിലീസ് ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ചയായ നവംബര്‍ 8-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ശ്രീരാമനായി രണ്‍ബീര്‍ കപൂറും, സീതയായി സായ് പല്ലവിയും, രാവണനായി കന്നഡ താരം യഷും വേഷമിടുന്നു. ഇവരെ കൂടാതെ ലക്ഷ്മണനായി രവി ദുബെയും, ഹനുമാനായി സണ്ണി ഡിയോളും, ശൂര്‍പ്പണഖയായി രാകുല്‍ പ്രീത് സിംഗും, മണ്ഡോദരിയായി കാജല്‍ അഗര്‍വാളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ബജാജിന്റെ പുതിയ പള്‍സര്‍ എന്‍160 സീരീസ് ബൈക്കുകള്‍ വിപണിയില്‍

പള്‍സര്‍ എന്‍160 എസ്, പള്‍സര്‍ എന്‍160 എസ്എസ് എന്നീ രണ്ട് പുതിയ ബൈക്കുകള്‍ വിപണിയിലെത്തി. 1,33,511 രൂപയാണ് പള്‍സര്‍ എന്‍160 എസിന്. കൂടുതല്‍ ഫീച്ചറുകളുള്ള പള്‍സര്‍ എന്‍160 എസ്എസിന് 1,42,585 രൂപയാണ് വില. പുതിയ ഫോര്‍ വാല്‍വ് എന്‍ജിന്‍, ഇലക്ട്രോണിക് ത്രോട്ടില്‍, വലിയ ഫ്രണ്ട് ഫോര്‍ക്കുകള്‍, മികച്ച ഇലക്ട്രോണിക് പാക്കേജുകള്‍ എന്നിവയാണ് പുതിയ എന്‍ 160 സീരീസ് ബൈക്കുകളെ വ്യത്യസ്തമാക്കുന്നത്. ഇരു മോഡലുകളിലും പുതുതായി വികസിപ്പിച്ച 164.5 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ വാല്‍വ് എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 9,500 ആര്‍പിഎമ്മില്‍ 18 ബിഎച്ച്പി കരുത്തും 8000 ആര്‍പിഎമ്മില്‍ 14.4 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ബൈക്കിന് 4.5 സെക്കന്‍ഡ് മതി. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സ് മാറ്റമില്ലാതെ തുടരുന്നു. ഉയര്‍ന്ന ഗിയറുകളില്‍ പോലും ക്ലച്ച് ഇടയ്ക്കിടെ ഉപയോഗിക്കാതെയും ഗിയര്‍ മാറ്റാതെയും കുറഞ്ഞ വേഗത്തില്‍ സുരക്ഷിതമായി പോകാന്‍ സഹായിക്കുന്ന ക്രൗള്‍ സാങ്കേതികവിദ്യയാണ് മറ്റൊരു പ്രത്യേകത. 230 എംഎം റിയര്‍ ഡിസ്‌ക് ആണ് മറ്റൊരു പ്രത്യേകത.

പെരുമാള്‍ മുരുകന്റെ ‘പൂനാച്ചി’ നോവല്‍ പരിചയം

അടിച്ചമര്‍ത്തലും അനീതിയും നിറഞ്ഞ ഒരു സാങ്കല്പ്പിക സമൂഹത്തെ ആവിഷ്‌കരിക്കുന്ന ആഖ്യാനശൈലിയുള്ള നോവലാണ് പൂനാച്ചി. ഒരു കറുത്ത ആടിന്റെ ജീവിതത്തിലൂടെ എഴുത്തുകാരന്‍ മനുഷ്യഹൃദയത്തെ സ്പര്‍ശിക്കുന്ന വികാരങ്ങള്‍ അതിസൂക്ഷ്മമായി ആവിഷ്‌കരിക്കുന്നു. ദരിദ്രമായ ഒരു കുടുംബത്തിന്റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുകഴിയുന്ന ആ ചെറിയ ജീവിയുടെ നിസ്സഹായതയും പോരാട്ടങ്ങളും നിഷ്‌കളങ്കതയും അദ്ദേഹം ഹൃദയസ്പര്‍ശിയായി ചിത്രീകരിക്കുന്നു. ഗ്രാമീണജീവിതത്തിലെ അതിജീവനത്തിന്റെ സൂക്ഷ്മതകളാണ് പൂനാച്ചിയുടെ ആത്മാവ്. വര്‍ഗ്ഗവ്യവസ്ഥയെയും സാമൂഹികനീതിയെയും കുറിച്ച് വായനക്കാരന്റെ മനസ്സില്‍ ആത്മപരിശോധനയ്ക്കും ഗൗരവമായ ചിന്തയ്ക്കും വഴിയൊരുക്കുന്ന ശ്രദ്ധേയമായ ഒരു കൃതി. ‘പൂനാച്ചി അഥവാ ഒരു വെള്ളത്തിന്റെ കഥ’. പെരുമാള്‍ മുരുകന്‍. ഡിസി ബുക്സ്. വില 207 രൂപ.

ഭക്ഷണം ആവര്‍ത്തിച്ചു ചൂടാക്കി കഴിക്കുന്നതുവഴിയുള്ള ആരോഗ്യപ്രശ്നങ്ങള്‍

ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം എല്ലാ ഭക്ഷണവും ആവര്‍ത്തിച്ചു ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര്‍. ചില ഭക്ഷണങ്ങള്‍ രണ്ട് തവണയില്‍ കൂടുതല്‍ ചൂടാക്കി കഴിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. ഇത് ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് കാരണമാകാം. മാത്രമല്ല, ചൂടാക്കുന്നത് ഭക്ഷണത്തിന്റെ പോഷക ഘടനയില്‍ മാറ്റം വരുത്തുകയും ചെയ്യും. ബാക്കി വരുന്ന ചോറ് രണ്ടു ദിവസം വരെ തിളപ്പിച്ച് ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ചോറ് പലതവണ ചൂടാക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ചോറ് സാധാരണ താപനിലയില്‍ സൂക്ഷിക്കുമ്പോള്‍ തന്നെ ബാക്ടീരിയകള്‍ വരാന്‍ ഇടയാകും. ‘ബാലിസസ് സെറിയസ്’ ചോറില്‍ വളരുന്ന ബാക്ടീരിയയാണ്. എത്രതവണ ചൂടാക്കിയാലും ഈ ബാക്ടീരിയ നശിക്കണമെന്നില്ല. ഇത് വയറുവേദന, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ അസ്വസ്ഥകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അരി വേവിച്ച് രണ്ട് മണിക്കൂറിനുളളില്‍ ഫ്രിഡ്ജില്‍ വയ്ക്കുന്നതാണ് നല്ലത്. ചീരയും ബീറ്റ്‌റൂട്ടും പോലുള്ള ഇല വര്‍ഗ്ഗങ്ങളില്‍ നൈട്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ആവര്‍ത്തിച്ച് ചൂടാക്കുമ്പോള്‍ നൈട്രേറ്റുകള്‍ നൈട്രൈറ്റുകള്‍ ആയി മാറും. ഇതിന്റെ അളവു അമിതമാകുമ്പോള്‍ ശരീരത്തിന് ദോഷം ചെയ്യും. അതുകൊണ്ട് പച്ചക്കറികള്‍ ഫ്രഷ് ആയി കഴിക്കുന്നതാണ് നല്ലത്. അതുപോലെ മാംസവിഭവങ്ങള്‍ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് നിരവധി അപകടങ്ങള്‍ ഉണ്ടാക്കാം. പ്രത്യേകിച്ച് ചിക്കനിലും മറ്റും ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ പ്രോട്ടീനുകളുടെ ഘടനയില്‍ മാറ്റം വരികയും ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here