29.7 C
Kollam
Saturday 12th September, 2026 | 07:11:01 PM
Home News Breaking News ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തനം,പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു,ആ ലാത്തികള്‍ എവിടെപ്പോയി

ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തനം,പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു,ആ ലാത്തികള്‍ എവിടെപ്പോയി

ആലപ്പുഴ. കുപ്രസിദ്ധ രക്ഷാപ്രവർത്തനത്തിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു.മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിലും നിർണായക ചോദ്യങ്ങളോടു പ്രതികരിക്കാതെ അഞ്ചു പ്രതികളും.ആഭ്യന്തര വകുപ്പ് അനുവദിക്കാത്ത ലാത്തികൾ എവിടെ നിന്ന് ലഭിച്ചു എന്ന ചോദ്യത്തിന് ഉത്തരം ഇല്ല.പ്രതികളുടെ മൊഴി വിശദാംശങ്ങൾ ഉൾപ്പെടുത്തി കോടതിയിൽ എസ്ഐടി റിപ്പോർട്ട് നൽകും

മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അനുവദിച്ച സമയപരിധി ഇന്നാണ് അവസാനിക്കുന്നത്.മൂന്നുദിവസം ചോദ്യം ചെയ്തുവെങ്കിലും പ്രതികൾ എസ്ഐടിയുടെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകിയില്ല.പോലീസ് വകുപ്പ് നൽകാത്ത ലാത്തികൾ എവിടെ നിന്ന് ലഭിച്ചു എന്ന് ചോദ്യത്തിന് പ്രതികൾക്ക് മറുപടിയില്ല.ഔദ്യോഗികമായി ലഭിച്ച ലാത്തികൾ നവ കേരളയാത്രയ്ക്കുശേഷം എ ആർ ക്യാമ്പിൽ തിരികെ ഏൽപ്പിച്ചു എന്നായിരുന്നു പ്രതികളുടെ മൊഴി.

പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് പല ചോദ്യങ്ങളോടും പ്രതികൾ നിസ്സഹകരിച്ചത്. ഇന്ന് വൈകിട്ട് വരെയാണ് പ്രതികളെ ചോദ്യം ചെയ്യാൻ എസ്ഐടിക്ക് അവസരം ഉള്ളത്.മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന്റെയും മൊഴികളുടെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് എസ് ഐ ടി അടുത്തദിവസം കോടതിയിൽ സമർപ്പിക്കും. കോടതിയുടെ മുൻകൂർ ജാമ്യം അനുവദിച്ച വിധിയിലുള്ള തെറ്റായ പരാമർശം നീക്കണമെന്നതും എസ്ഐടി സംഘം ആവശ്യപ്പെട്ടേക്കും .

ഇക്കാര്യത്തിൽ എന്ത് ചെയ്യണം എന്നതിൽ നിയമപദേശവും എസ് ഐ ടി സംഘം തേടിയിട്ടുണ്ട്.വിചാരണ കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ പുതിയ തെളിവുകൾ ഉൾപ്പെടുത്തിയാവും റിപ്പോർട്ട് നൽകുക. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം എന്ന ആവശ്യവും എസ്ഐടി സംഘം സർക്കാറിന് മുന്നിൽ അപേക്ഷയായി സമർപ്പിക്കും.ഇന്ന് ചോദ്യം ചെയ്യൽ പൂർത്തിയാക്കുന്നതിനു മുൻപ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം നൽകി വിടാനും സാധ്യതയുണ്ട്