27.9 C
Kollam
Saturday 5th September, 2026 | 10:01:59 PM
Home News Kerala നീറ്റ് പരിശീലനകേന്ദ്രത്തിലെ വിദ്യാർത്ഥിനി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തു

നീറ്റ് പരിശീലനകേന്ദ്രത്തിലെ വിദ്യാർത്ഥിനി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തു

പാലാ : നീറ്റ് പരിശീലനകേന്ദ്രത്തിലെ വിദ്യാർത്ഥിനി ചേർപ്പുങ്കലിലെ സ്വകാര്യ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തു. നീറ്റ് പരീക്ഷയുടെ തുടർപരിശീലനത്തിന് എത്തിയ കാസർഗോഡ് സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. കാസർഗോഡ് കാദംബരിയിൽ ഐജ ആർ മഹേഷ് (19) ആണ് മരണമടഞ്ഞത്. കഠിന പരിശീലനത്തെ തുടർന്നുള്ള മാനസിക സംഘർഷമാണ് ആത്മഹത്യയ്ക്ക് പിന്നിൽ എന്നാരോപണം.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ചേർപ്പുങ്കലിലെ സ്വകാര്യ ഹോസ്റ്റലിൽ വിദ്യാർത്ഥിനി ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കാണപ്പെട്ടത്. കുട്ടി ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ട് സഹവിദ്യാർത്ഥികൾ ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചു .ഹോസ്റ്റൽ അധികൃതർ കുരുക്കഴിച്ച് താഴെയിറക്കിയപ്പോൾ ജീവനുണ്ടായിരുന്നു.ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്റർ സഹായത്തിലായിരുന്ന വിദ്യാർത്ഥിനി ബുധനാഴ്ച ഉച്ചയോടെ മരണത്തിനു കീഴടങ്ങി.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഫലം റദ്ദാക്കിയ നീറ്റ് പരീക്ഷ ജൂൺ 21ന് നടക്കാനിരിക്കുകയാണ്.മെയ് 26നാണ് കുട്ടി തുടർപരിശീലനത്തിനായി പരിശീലന കേന്ദ്രത്തില്‍ തിരിച്ചെത്തിയത്. മാനസിക സംഘർഷത്തിലായ വിദ്യാർത്ഥിനി മാതാപിതാക്കളെ വിളിച്ച് പഠനം തുടരുന്നതിലെ ബുദ്ധിമുട്ട് അറിയിച്ചിരുന്നതായി പറയപ്പെടുന്നു.
സംഭവമറിഞ്ഞ് കുട്ടിയുടെ മാതാപിതാക്കൾ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തി. കിടങ്ങൂർ പോലീസ് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി.
(ശ്രദ്ധിക്കുക : ആത്മഹത്യ ഒന്നിനും പരിഹാരമല്ല. )