27.6 C
Kollam
Wednesday 15th July, 2026 | 04:48:45 PM
Home News Breaking News നല്ല പ്രകടനം,ബിനീഷ് കോടിയേരിക്ക് വീണ്ടും സിപിഎം അംഗത്വം

നല്ല പ്രകടനം,ബിനീഷ് കോടിയേരിക്ക് വീണ്ടും സിപിഎം അംഗത്വം

തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് വീണ്ടും സിപിഎം അംഗത്വം. മൂന്നു വർഷത്തിന് ശേഷമാണ് പാർട്ടി അം​ഗത്വം പുതുക്കി നൽകുന്നത്. പിണറായി വിജയൻ ഇടപെട്ടതോടെയാണ് ബിനീഷ് കോടിയേരിക്ക് പാർട്ടി അം​ഗത്വം വീണ്ടും പുതുക്കി നൽകുന്നത്.

നാലു തവണ അം​ഗത്വം പുതുക്കി നൽകാൻ അപേക്ഷിച്ചിട്ടും ബിനീഷിന് സിപിഎം മെമ്പർഷിപ്പ് പുതുക്കി നൽകാത്തത് വലിയ ചർച്ചയായിരുന്നു. ബിനീഷിന് അം​ഗത്വം പുതുക്കി നൽകാൻ പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന് നിർദേശം നൽകുകയായിരുന്നു. തിങ്കളാഴ്ചയാണ് ബിനീഷിന് അം​ഗത്വം നൽകിയത്.

2020ല്‍ മയക്കുമരുന്ന് കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കി നൽകാതിരുന്നത്. 2022 മുതല്‍ ബിനീഷിന് സിപിഎം അംഗത്വമില്ലായിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചിലാണ് ബിനീഷ് കോടിയേരിക്ക് അംഗത്വമുണ്ടായിരുന്നത്.

മയക്കുമരുന്നു കേസിൽ കുറ്റവിമുക്തനായശേഷം പാർട്ടി അം​ഗത്വത്തിന് ബിനീഷ് അപേക്ഷ നൽകിയെങ്കിലും പരി​ഗണിച്ചിരുന്നില്ല. സിഎംആർഎൽ- എക്സാലോജിക് കേസുമായി ബന്ധപ്പെട്ട്, പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡിനെതിരായ സിപിഎമ്മിന്റെ പ്രതിഷേധത്തിൽ ബിനീഷ് കോടിയേരിയും പങ്കെടുത്തിരുന്നു. ബിനഷിന്‍റെ വീട് ഇഡി റെയ്ഡു ചെയ്തപ്പോള്‍ പാര്‍ട്ടി പറഞ്ഞ ന്യായമല്ല വീണയുടെ വീട് റെയ്ഡ് ചെയ്തപ്പോള്‍ സ്വീകരിച്ചതെന്ന മാധ്യമങ്ങളുടെ ഓര്‍മ്മപ്പെടുത്തലിനോടും വളരെ പക്വമായും പാര്‍ട്ടിയെ സംരക്ഷിച്ചുമാണ് ബിനീഷ് മറുപടി പറഞ്ഞത്. അതോടെ നേതാക്കളുടെ മനസ് മാറുകയായിരുന്നു. കൊടിയേരി പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലം ബിനീഷ് അറിയാതെ തലസ്ഥാനത്ത് ഒന്നും നടക്കില്ല എന്ന നിലയുണ്ടായിരുന്നു. എന്നാല്‍ പിതാവിന്‍റെ മരണവും മയക്കുമരുന്നുകേസും ബിനീഷിനെ തകര്‍ത്തു.എന്നാല്‍ വലിയ നേതാക്കള്‍ പോലും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ പരാജയകാലത്തുപോലും പാര്‍ട്ടിയെ താങ്ങിയായിരുന്നു ബിനീഷിന്‍റെ നിലപാടുകള്‍.