നവ കേരള സദസ്സിനിടെ ഉണ്ടായ കുപ്രസിദ്ധ രക്ഷാപ്രവർത്തനത്തിൽ അന്വേഷണം ആരംഭിച്ച് പ്രത്യേക അന്വേഷണസംഘം. കേസിലെ മുഖ്യസാക്ഷിയായ ജയ്ഹിന്ദ് ടിവി ക്യാമറമാൻ ജോജിയുടെ മൊഴി എസ്ഐടി രേഖപ്പെടുത്തി. പിണറായി വിജയൻറെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദ്ദനം ഏറ്റ ആലപ്പുഴ എംഎൽഎ എഡി തോമസിന്റെ മൊഴി നാളെ രേഖപ്പെടുത്തും.കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്കും പ്രത്യേകസംഘം നോട്ടീസ് നൽകിയിട്ടുണ്ട്.
നവ കേരള സദസ്സിനിടെ ആലപ്പുഴയിൽ വച്ച് കെഎസ്‌യു പ്രവർത്തകരായിരുന്ന എ ഡി തോമസിനെയും സഹപ്രവർത്തകരെയും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻറെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച കേസിലാണ് പ്രത്യേകസംഘം പുനരന്വേഷണം ആരംഭിച്ചത്.കേസിൽ മർദ്ദനത്തിന് ഇരയായ ആലപ്പുഴ എംഎൽഎ എഡി തോമസിന്റെ മൊഴി എസ് ഐ ടി നാളെ രേഖപ്പെടുത്തും.കേസിലെ മുഖ്യ സാക്ഷിയായ ജയ്ഹിന്ദ് ടിവി ആലപ്പുഴ ക്യാമറമാൻ ജോജിമോന്റെ മൊഴി ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ച് അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തി.സാക്ഷി മൊഴി പറയാതിരിക്കാൻ തനിക്ക് നേരെ ഉണ്ടായ ഭീഷണിയെ കുറിച്ച് എസ്ഐടിക്ക് മൊഴി നൽകുമെന്ന് ജോജി പറഞ്ഞു
കേസിൽ പോലീസ് അതിക്രമത്തിന് ഇരയായ എംഎൽഎയുടെ മൊഴിക്ക് പുറമേ കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്കും അന്വേഷണസംഘം നോട്ടീസ് നൽകിയിട്ടുണ്ട്. പരാതിക്കാരന്റെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം ആയിരിക്കും പ്രതികളുടെ മൊഴി രേഖപ്പെടുത്തുക. ഫോറൻസിക് പരിശോധന ഫലം ഉൾപ്പെടെ വേഗത്തിൽ ലഭ്യമാക്കാൻ പ്രത്യേക സംഘം നിർദേശവും നൽകിയിട്ടുണ്ട്.അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി പ്രാഥമിക റിപ്പോർട്ട് ഉടൻ നൽകാനാണ് പ്രത്യേക സംഘത്തിൻറെ തീരുമാനം. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രാഥമിക നിഗമനം. സംഭവത്തിന്റെ ഒറിജിനൽ സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോകളും വിശദമായി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നത്. ഗൺമാൻമാർ ക്രമസമാധാന പാലനത്തിന്റെ ഭാഗമല്ലാതെ, ലാത്തികൊണ്ട് പ്രതിഷേധക്കാരുടെ തലയ്ക്കടിച്ചത് വലിയ തെറ്റാണെന്നും മർദ്ദനം നടന്ന സമയത്ത് ഗൺമാൻമാർക്ക് നേരിട്ട് ഇടപെടേണ്ട യാതൊരുവിധ സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്നുമാണ് സംഘത്തിൻറെ നിഗമനം.
ഇത്തരത്തിൽ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദനം അഴിച്ചുവിട്ടത് പൂർണ്ണമായും ചട്ടവിരുദ്ധമായ നടപടിയാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. അന്ന് മർദ്ദനത്തിൽ നേരിട്ട് പങ്കെടുത്ത നാല് ഗൺമാൻമാരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ ഉടൻ തന്നെ കർശനമായ വകുപ്പുതല നടപടികൾ വരും. ഗൺമാൻമാരുടെ മർദ്ദനം ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന എസ്‌ഐടിയുടെ അന്തിമ റിപ്പോർട്ട് ഉടൻ തന്നെ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറും. മുൻപ് ഇതേ സംഭവത്തിൽ ഗൺമാൻമാർക്കെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ നൽകിയ റിപ്പോർട്ട് അന്നത്തെ ആഭ്യന്തര വകുപ്പ് രാഷ്ട്രീയ സമ്മർദ്ദങ്ങളാൽ പൂഴ്ത്തിവെച്ചിരുന്നു.


































