26.4 C
Kollam
Monday 5th October, 2026 | 06:56:38 AM
Home News International ശ്രീലങ്കയിലെ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി, 23- പേർ കൊല്ലപ്പെട്ടു

ശ്രീലങ്കയിലെ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി, 23- പേർ കൊല്ലപ്പെട്ടു

കൊളംമ്പോ : ശ്രീലങ്കയിലെ നെഗോംബോ ജയിലിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇരുപത്തിമൂന്നു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറിലധികം പേർക്ക് പരിക്കേറ്റതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.


കൊളംമ്പോയിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ ദൂരത്തിലുള്ള നെഗോംബോയിലെ ജയിലിൽ ഞായറാഴ്ചയാണ് സംഭവം. ആക്രമണം തടയാൻ ശ്രമിച്ച നാല് ജയിൽ ഗാർഡുകളും കൊല്ലപ്പെട്ടു. മയക്കുമരുന്ന് സംഘങ്ങളിലുൾപ്പെട്ടിരുന്ന രണ്ട് ഗ്രൂപ്പിലുള്ള തടവുകാർ തമ്മിലുണ്ടായ തർക്കമാണ് വലിയ ഏറ്റുമുട്ടലിലേക്കെത്തിയത്. സംഘർഷം രൂക്ഷമായതിനിടെ വനിതാ സെല്ലിലെ തടവുകാർ മേൽക്കൂരയ്ക്ക് മുകളിൽ കയറി നിന്ന് തങ്ങളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും എൻഡിടിവി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇതിൽ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് നിരവധി സ്ത്രീകൾക്കും പരിക്കേറ്റു.


ഏറ്റുമുട്ടലിലേക്കെത്തിയതിനുള്ള പ്രേരണയെന്തായിരുന്നുവെന്ന് വ്യക്തമല്ല. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. സംഭവം പുറത്തറിഞ്ഞതോടെ തിങ്കളാഴ്ച രാവിലെ തടവുകാരുടെ ബന്ധുക്കൾ ജയിലിന് മുന്നിൽ തടിച്ചുകൂടി. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ ഉദ്യോഗസ്ഥർ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.