Home News National കാലാവസ്ഥ വ്യതിയാനം… ആപ്പിൾ വില കൂടിയേക്കും

കാലാവസ്ഥ വ്യതിയാനം… ആപ്പിൾ വില കൂടിയേക്കും

ഷിംല: കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ ആപ്പിള്‍ തോട്ടങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ട്. കാലംതെറ്റി പെയ്ത മഴയും കനത്ത ആലിപ്പഴ വീഴ്ചയും കാരണം ഇത്തവണ ആപ്പിള്‍ ഉല്‍പ്പാദനം 40 ശതമാനത്തോളം കുറയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏകദേശം 5,000 കോടി രൂപയുടെ ബിസിനസ്സ് നടക്കുന്ന ഈ മേഖലയില്‍ കര്‍ഷകര്‍ വലിയ ആശങ്കയിലാണ്. സംസ്ഥാനത്തെ എട്ട് ജില്ലകളിലായി 2.5 ലക്ഷത്തോളം കുടുംബങ്ങളാണ് ആപ്പിള്‍ കൃഷിയെ ആശ്രയിച്ച് കഴിയുന്നത്.

കഴിഞ്ഞ വര്‍ഷം 6.99 ലക്ഷം മെട്രിക് ടണ്‍ ആപ്പിള്‍ ലഭിച്ചിടത്ത്, ഈ വര്‍ഷം അത് 4.36 ലക്ഷം മെട്രിക് ടണ്ണായി (ഏകദേശം 2.15 കോടി ബോക്‌സുകള്‍) ചുരുങ്ങുമെന്നാണ് ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് പറയുന്നത്. ശൈത്യകാലത്ത് ആവശ്യത്തിന് മഞ്ഞ് പെയ്യാത്തതും വസന്തകാലത്ത് അപ്രതീക്ഷിതമായി പെയ്ത മഴയും ആലിപ്പഴ വര്‍ഷവും ആപ്പിള്‍ കൃഷിക്ക് വന്‍ തിരിച്ചടിയായി. ആഗോളതാപനം കാരണം ഹിമാലയന്‍ താഴ്വരയിലം താപനില 1 മുതല്‍ 1.5 ഡിഗ്രി വരെ കൂടി. ആപ്പിള്‍ നന്നായി വളരാന്‍ വേണ്ട തണുപ്പ് (ചില്ലിങ് അവേര്‍സ്) ഇപ്പോള്‍ കിട്ടുന്നില്ല. വളം, കീടനാശിനികള്‍, യന്ത്രങ്ങള്‍ എന്നിവയുടെ വില കൂടിയത് കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമായി.

ആവശ്യത്തിന് ജലസേചന സൗകര്യങ്ങളില്ലാത്തതിനാല്‍ ഭൂരിഭാഗം പേരും ഇപ്പോഴും മഴയെയും കാലാവസ്ഥയെയും ആശ്രയിച്ചാണ് കൃഷി മുന്നോട്ടു കൊണ്ടുപോകുന്നത്. ആപ്രിക്കോട്ട്, ചെറി, പ്ലം തുടങ്ങിയ മറ്റ് പഴങ്ങളുടെഉല്‍പ്പാദനത്തെയും കാലാവസ്ഥാ വ്യതിയാനം ദോഷകരമായി ബാധിച്ചിട്ടുണ്ട്. എല്ലായിടത്തും ജലസേചന സൗകര്യം എത്തിക്കണമെന്നും വിള ഇന്‍ഷുറന്‍സ് പദ്ധതികളെക്കുറിച്ച് കൃത്യമായ ബോധവല്‍ക്കരണം നല്‍കണമെന്നുമാണ് ഇപ്പോള്‍ കര്‍ഷകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

ഹിമാചലില്‍ ആപ്പിള്‍ ഉല്‍പ്പാദനം കുറഞ്ഞാല്‍ അത് രാജ്യത്തെയാകെ ബാധിക്കുമെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ഹിമാചലില്‍ നിന്ന് ഉള്‍പ്പടെ ആപ്പിള്‍ എത്തുന്നുണ്ട്. ലഭ്യതക്കുറവുണ്ടായാല്‍ വിദേശത്തുനിന്നുള്ള ഇറക്കുമതിയെയും ആശ്രയിക്കേണ്ടി വരും. ഇത് ആപ്പിളിന്റെ ഡിമാന്‍ഡും വിലയും കൂടാനും കാരണമാകും.

LEAVE A REPLY

Please enter your comment!
Please enter your name here