കൊച്ചി.ഇലന്തൂർ ഇരട്ടനരബലിക്കേസിൽ അന്വേഷണഉദ്യോഗസ്ഥന്റെ പോഡ്‌കാസ്റ്റ് എപ്പിസോഡ് നീക്കം ചെയ്യാൻ കോടതി ഉത്തരവ്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകളിൽ സമാന്തരമായ മാധ്യമ വിചാരണ അനുവദിക്കാനാവില്ലെന്നും കോടതി. ഉത്തരവിന് പിന്നാലെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു.
സഫാരി ടി.വി.യുടെ യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്ത ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയുടെ പന്ത്രണ്ടാം എപ്പിസോഡ് നീക്കം ചെയ്യാനാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ്. പ്രതികളുടെ ഹർജിയിൽ ദൃശ്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് കോടതി നിർദേശം നൽകി. റിട്ട എസിപി സി. ജയകുമാറാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി പോഡ്കാസ്റ്റ് ചെയ്തത്. ഇതിനെതിരെ പ്രതികൾ വിചാരണ കോടതിയെ സമീപിക്കുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ച വിവരങ്ങൾ മാധ്യമങ്ങളിലൂടെയോ പൊതുസമൂഹത്തിലോ വെളിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അനുമതിയില്ലാതെ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുന്നതിൽ നിന്ന് ജയകുമാറിനെ കോടതി വിലക്കി. കമ്മീഷണർ സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തുന്നത് വിചാരണയെ ബാധിക്കുമെന്നും, പ്രതികളെക്കുറിച്ച് പൊതുസമൂഹത്തിൽ മുൻവിധി ഉണ്ടാക്കുമെന്നും പ്രതിഭാഗം വാദിച്ചു. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ എസ് കൃഷ്ണകുമാർ, പ്രശാന്ത് കെ പി എന്നിവരാണ് കോടതിയെ സമീപിച്ചത്.


































