തിരുവനന്തപുരം: നെട്ടയത്ത് ബിജെപി പ്രവർത്തകരും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് ബിജെപി മാർച്ചിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രോശം.
നെട്ടയം മലമുകൾ സ്വദേശികളും ബന്ധുക്കളും അയൽക്കാരുമായ സുനിൽ, ബിനു എന്നിവർ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് ഒരു വിഭാഗം നാട്ടുകാരും ബി ജെ പി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്.
.പ്രശ്നം പരിഹരിക്കാൻ എത്തിയ പോലീസ് അകാരണമായി മർദ്ദിക്കുകയായിരുന്നു എന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച് ബി ജെ പി പ്രവർത്തകർ രാത്രി 11.15 ഓടെ വട്ടിയൂർകാവ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും വട്ടിയൂർകാവ് സ്റ്റേഷന് മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.ഈ സമയം വാർത്ത ലൈവായി നൽകിയ 24 ന്യൂസ് ചാനൽ റിപ്പോർട്ടർ മേഘ്ന മുരളിക്കെതിരെ സ്ത്രീകളൾപ്പെടെ ഒരു കൂട്ടം ആളുകൾ പാഞ്ഞ് അടുക്കുകയായിരുന്നു. ബിജെപി പ്രവർത്തകരുടെ ആവശ്യങ്ങൾ മാത്രം വാർത്തയായി നൽകണമെന്ന് ആവശ്യപ്പെട്ട് അവരോട് തർക്കത്തിലേർപ്പെട്ടു. എന്നാൽ ഇരുപക്ഷത്തിൻെറയും കാര്യങ്ങൾ വാർത്തയായി നൽകുമെന്ന് പറഞ്ഞതോടെ ഇവർക്ക് നേരെയും മറ്റ് മാധ്യമ പ്രവർത്തകർക്ക് നേരയും ബിജെപിക്കാർ കൂട്ടത്തോടെ പാഞ്ഞ് അടുക്കുയായിരുന്നു.




































