29.5 C
Kollam
Friday 9th October, 2026 | 01:27:50 PM
Home News Kerala സംസ്ഥാനം കടക്കെണിയിലാണെന്നത് വ്യാജപ്രചാരണം… കോണ്‍ഗ്രസിന്റെ ഗ്യാരന്റികളുടെ വാസ്തവം പരിശോധിക്കണം: കെ.എന്‍ ബാലഗോപാല്‍

സംസ്ഥാനം കടക്കെണിയിലാണെന്നത് വ്യാജപ്രചാരണം… കോണ്‍ഗ്രസിന്റെ ഗ്യാരന്റികളുടെ വാസ്തവം പരിശോധിക്കണം: കെ.എന്‍ ബാലഗോപാല്‍

കൊല്ലം: സംസ്ഥാനം കടക്കെണിയിലാണെന്നത് വ്യാജപ്രചാരണമാണെന്നും കോണ്‍ഗ്രസിന്റെ ഗ്യാരന്റികളുടെ വാസ്തവം പരിശോധിക്കണമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ വലിയ കടക്കെണിയിലാണെന്നും പൂര്‍ണമായും ശമ്പളം കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് അവിടെയുള്ളതെന്നും ബാലഗോപാല്‍ പറഞ്ഞു. തെലങ്കാനയില്‍ വിരമിക്കുന്ന ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണെന്നും കെ.എന്‍ ബാലഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

‘കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആകെ പദ്ധതി ചെലവ് 106.46 ശതമാനം. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 78.12%. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചാല്‍ 20 ശതമാനം തുക കൂടി നല്‍കും.2025-2026 വര്‍ഷത്തെ ആകെ ചെലവ് 24,723 കോടി. സര്‍ക്കാര്‍ പദ്ധതികള്‍ക്കായി പണം ചെലവഴിക്കുന്നില്ലെന്ന വ്യാജ പ്രചാരണങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ പണമില്ലാതെ ട്രഷറി അടച്ചുപൂട്ടുമെന്ന് വരെ പറഞ്ഞവരുണ്ട്. പക്ഷെ, പ്രതിസന്ധികള്‍ പലതുമുണ്ടായിട്ടും എല്ലാ കാര്യങ്ങളും കൃത്യമായി നടന്നു. 1,90,000 കോടിക്ക് അടുത്താണ് വാര്‍ഷിക ചെലവ്. വളരെ സന്തോഷത്തോടെയാണ് താനിരിക്കുന്നത്. സംസ്ഥാനം കടക്കെണിയിലല്ലെന്ന് എല്ലാവരും അറിയണം. പ്രതിപക്ഷം വ്യാജപ്രചാരണങ്ങള്‍ പലതും നടത്തുന്നുണ്ട്. അഞ്ച് വര്‍ഷം എല്ലാ കാര്യങ്ങള്‍ക്കും പണം ചെലവഴിക്കാന്‍ സാധിച്ചു. ക്ഷേമപെന്‍ഷനുകള്‍ എല്ലാം കൊടുത്തുതീര്‍ക്കാന്‍ സാധിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ക്യാഷ് ബാലന്‍സ് 4066 കോടി രൂപയാണുള്ളത്. കടക്കെണിയിലല്ല സംസ്ഥാനമുള്ളത്’. മന്ത്രി പറഞ്ഞു.

‘അഞ്ച് ഗ്യാരന്റികളാണ് പ്രധാനമായും കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. അതിലെന്താണ് വാസ്തവമെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശ് വലിയ കണക്കെണിയിലാണുള്ളതെന്ന് എല്ലാവര്‍ക്കുമറിയാം. പൂര്‍ണമായി ശമ്പളം കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. തെലങ്കാനയില്‍ വിരമിക്കുന്ന ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇവരാണ് കേരളം മൊത്തം കുഴപ്പത്തിലാണെന്ന് പറയുന്നത്’. ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.