26.1 C
Kollam
Thursday 24th September, 2026 | 05:49:57 AM
Home News Kerala പാടശേഖരത്തില്‍ പറത്തിയ ചൈനീസ് നിരോധിത ഡ്രോണ്‍ പൊലീസ് പിടികൂടി

പാടശേഖരത്തില്‍ പറത്തിയ ചൈനീസ് നിരോധിത ഡ്രോണ്‍ പൊലീസ് പിടികൂടി

ഹരിപ്പാട്: പള്ളിപ്പാട് വഴുതാനം പാടശേഖരത്തില്‍ പറത്തിയ ചൈനീസ് നിരോധിത ഡ്രോണ്‍ പൊലീസ് പിടികൂടി. സാധാരണ ഡ്രോണുകളില്‍ നിന്ന് വ്യത്യസ്തമായി 50 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള വമ്പന്‍ ചൈനീസ് നിര്‍മിത ഡ്രോണാണ് പിടികൂടിയത്. വിപണിയില്‍ ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന ഈ ഡ്രോണ്‍, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹരിപ്പാട് പൊലീസ് നടത്തിയ തിരച്ചിലിലാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ഡ്രോണ്‍ കോട്ടയം സ്വദേശിയുടേതാണെന്നാണ് സൂചന.

നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള ഡ്രോണ്‍, തുടര്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി. 1962ലെ കസ്റ്റംസ് നിയമപ്രകാരം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് നിരോധനമുള്ള വിഭാഗത്തിലാണ് ഈ ഡ്രോണ്‍ ഉള്‍പ്പെടുന്നത്. ഡ്രോണുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനും ഉപയോഗിക്കുന്നതിനും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (DGCA) പ്രത്യേക അനുമതി അനിവാര്യമാണ്. എന്നാല്‍ പിടികൂടിയ ഈ ഡ്രോണിന് ഇത്തരത്തിലുള്ള യാതൊരുവിധ ഔദ്യോഗിക രേഖകളോ അനുമതി പത്രങ്ങളോ ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

പള്ളിപ്പാട്ടെ വഴുതാനം പാടശേഖരത്തില്‍ മരുന്ന് തളി നടത്തുമ്പോഴാണ് ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി ഡ്രോണ്‍ പിടികൂടുന്നത്. കൃഷി ആവശ്യത്തിനാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഏത് സാഹചര്യത്തിലാണ് ഇത് ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടതെന്ന് കണ്ടെത്താന്‍ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വലിയ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഡ്രോണ്‍ ആയതിനാല്‍ തന്നെ ഇതിന്റെ പിന്നിലുള്ള ലക്ഷ്യങ്ങളെ അതീവ ഗൗരവത്തോടെയാണ് ഉദ്യോഗസ്ഥര്‍ നോക്കികാണുന്നത്.