30.3 C
Kollam
Friday 18th September, 2026 | 03:50:36 PM
Home News Kerala നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

ന്യൂഡൽഹി: കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തേയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് (മാർച്ച് 15) കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം നാലുമണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ പ്രഖ്യാപനം ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഈ നിയമസഭകളുടെ കാലാവധി മെയ്, ജൂൺ മാസങ്ങളിൽ വ്യത്യസ്‌ത തീയതികളിലായി അവസാനിക്കും. ആസാം നിയമസഭയുടെ കാലാവധി മെയ് 20 ന് അവസാനിക്കും. കേരളത്തിൻ്റെ കാലാവധി മെയ് 23 നും തമിഴ്‌നാട് നിയമസഭയുടെ കാലാവധി മെയ് 10 നും, പശ്ചിമ ബംഗാളിൻ്റെ നിയമസഭാ കാലാവധി മെയ് ഏഴിനും അവസാനിക്കാനിരിക്കുകയാണ്.

കേരളത്തില്‍ ഏപ്രിലില്‍ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. വിഷു അടക്കമുള്ള ഉത്സവങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും തീയതി നിശ്ചയിക്കുകയെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഷെഡ്യൂള്‍ തയാറാക്കുകയെന്നാണ് വിവരം.

കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന പശ്ചിമ ബംഗാളില്‍ ഇത്തവണ രണ്ടോ മൂന്നോ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന ആവശ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിൻ്റെ (എസ്‌ഐആർ) ഭാഗമായി നാല് സംസ്ഥാനങ്ങളുടെയും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിൻ്റെയും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.