29.9 C
Kollam
Sunday 4th October, 2026 | 02:53:36 PM
Home News Kerala പി.കെ. ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചു, വിമത കൂട്ടായ്മയുടെ കൺവൻഷൻ മാർച്ച് 5ന്

പി.കെ. ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചു, വിമത കൂട്ടായ്മയുടെ കൺവൻഷൻ മാർച്ച് 5ന്

പാലക്കാട്: കെടി ഡിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് പി കെ ശശി. ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാജിയെന്നാണ് സൂചന. പി കെ ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കും. സിപിഎം ജില്ല നേതൃത്വം നേരത്തെ മുതൽ ആവശ്യപ്പെട്ടിരുന്നെങ്കിലും മാറ്റാൻ സിപിഎം സംസ്ഥാന നേതൃത്വം തയ്യാറായിരുന്നില്ല. ഇത്തവണ പികെ ശശി രാജി വെച്ചിരിക്കുന്നത് യുഡിഎഫ് ക്യാംപുമായി നടത്തുന്ന ആശയവിനിമയത്തിന്‍റെ പശ്ചാത്തലത്തിലാണോ എന്ന സംശയവും ഉയരുന്നുണ്ട്. ലീഗുമായി വേദി പങ്കിട്ടതും കഴിഞ്ഞ ദിവസം ഗോവിന്ദന്‍റെ ജാഥയിൽ പങ്കെടുക്കാതിരുന്നതും വലിയ ചര്‍ച്ചയായിരുന്നു. അന്ന് ശശി പറഞ്ഞത്, താൻ ഗോവിന്ദന്‍റെ ജാഥയിലും സതീശന്‍റെ ജാഥയിലും പങ്കെടുക്കുന്നില്ല എന്നാണ്. ഒരു സിപിഎം നേതാവ് എന്തിനാണ് സതീശന്‍റെ ജാഥയിൽ പങ്കെടുക്കുന്നില്ല എന്ന് പറഞ്ഞതെന്ന ചോദ്യം അന്നേ ഉയര്‍ന്നിരുന്നു. 

കെടിഡിസി ആസ്ഥാനത്ത് പി കെ ശശി രാജി സമര്‍പ്പിച്ചുവെന്ന ഔദ്യോഗിക സ്ഥിരീകരണമാണ് പുറത്തുവന്നിട്ടുള്ളത്. എന്നാൽ ശശിയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ പ്രതികരണം വന്നിട്ടില്ല. നാളെ മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് സൂചന.
ഇതിനിടെ വിമത കൂട്ടായ്മയുടെ കൺവൻഷൻ പാലക്കാട് കൽമണ്ഡപം പാർവ്വതി കല്യാണമണ്ഡപപത്തിൽ മാർച്ച് 5 ന് ചേരും കൊഴിഞ്ഞാമ്പാറയിലെ വിമത കൂട്ടായ്മ പി കെ ശശിക്ക് ഒപ്പം ചേരും.ശ്രീകൃഷ്ണപുരം, വടക്കഞ്ചേരി എന്നിവിടങ്ങളിലെ മുൻ ഏരിയാ സെക്രട്ടറിമാരും പി കെ ശശിക്ക് ഒപ്പ് ചേർന്നേക്കും.