മലങ്കരയുടെ സൂരൃതേജസ് പരി.ബസേലിയോസ്‌ മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവായുടെ ഓർമ്മപ്പെരുന്നാൾ

മാർത്തോമസിംഹാസനത്തിലെ 89 -മത്തെ പിൻഗാമിയായും, മലങ്കര ഓർത്തഡോക്സ് സഭയുടെ ആറാമത്തെ കാതോലിക്കായും
മലങ്കരയുടെ സൂരൃതേജസും,ശാസ്താംകോട്ട മൌണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ കബറടങ്ങിയിരിക്കുന്ന സ്നേഹസ്വരൂപിയുമായ, 15
വർഷത്തെ വൈദീകവൃത്തിയിൽ “ഏയ്ജൽ അച്ഛൻ” എന്ന് വിളിപ്പേര് കേട്ട പരി.ബസ്സേലിയോസ്‌ മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവാ തിരുമേനിയുടെ 17-മത് ഓർമ്മപ്പെരുന്നാൾ 2023 ജനുവരി 22-26 വരെ മലങ്കര സഭ ഭക്തിനിർഭരമായി
കൊണ്ടാടുകയാണ്
.


1915 ജനുവരി 30- തീയതി ശനിയാഴ്ച കൊല്ലം ജില്ലയിലെ പെരിനാട് എന്ന ചെറുഗ്രാമത്തിൽ പുത്തൻവീട്ടിൽ
ശ്രി. ഇടിക്കുളയുടെയും ശ്രിമതി. അന്നമ്മ ഇടിക്കുളയുടെയും മൂത്ത മകനായി ജനിച്ച മാത്യൂസ് പെരിനാട്ടെ പാറക്കുളം
എൻ. എസ്. എസ് സ്കൂളിലെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം പഴയ സെമിനാരിയിലും, പത്തനംതിട്ട ബേസിൽ ദയറായിലും,
കൽക്കട്ട ബിഷപ് കോളേജിലും, അമേരിക്കയിലെ ന്യൂയോർക്ക് ജനറൽ തിയളോജിക്കൽ സെമിനാരിയിലും വിദ്യാഭ്യാസം പൂർത്തിയാക്കി.
1938 ഏപ്രിൽ 17- ഞായറാഴ്ച ശെമ്മാശപട്ടവും 1941 മെയ് 6 ചൊവ്വാഴ്ച പൂർണശെമ്മാശപട്ടവും
തുടർന്ന് വൈദീകപട്ടവും സ്വീകരിച്ചു. ഓതറ ദയറായിലെ ദാരിദ്ര്യജീവിതാനുഭവം ആ സന്യാസ ജീവിതത്തെ “ഏയ്ജൽ അച്ഛൻ”
എന്ന വിളിപ്പേരിലേക്കു മാറ്റി മറിക്കുന്നതായിരുന്നു.
കഠിനമായ നോമ്പും, ഉപവാസവും, ചിട്ടയായ പ്രാർത്ഥനയും മൂലം ശക്തിയാർജ്ജിച്ച് അരനൂറ്റാണ്ട് മേല്പ്പട്ടക്കാരനായും 14 വർഷം
പൌരസ്ത്യ കാതോലിക്കായായും മലങ്കരസഭയെ മേയിച്ച് നടത്തിയ മഹാ ഇടയൻ. ആത്മീയ, ഭൌതീക, രാഷ്ട്രീയ മണ്ഡലങ്ങളിൽ മലങ്കര സഭയുടെ യശ്ശസ് ഉയർത്തിയ പരിശുദ്ധപിതാവിന്റെ കബറിടം ഇന്ന് സഭയിലെ പ്രധാന തീര്ത്ഥാടനകേന്ദ്രങ്ങളിലൊന്നായി
മാറിയിരിക്കുന്നു.


12 വർഷത്തെ നിഷ്ടയായ വൈദീകജീവിതാനുഭവം പരിശുദ്ധ ഗീവറുഗീസ് ദ്വിതീയൻ ബാവ അടുത്തറിഞ്ഞു. 38 മത്തെ വയസിൽ
1953 മെയ് 15 വെള്ളിയാഴ്ച മലങ്കര സഭയുടെ മേല്പട്ടസ്ഥാനത്തേക്ക് “മാത്യൂസ് മാർ കൂറിലോസ്” എന്ന പേരിൽ
“ഇവൻ യോഗ്യൻ” എന്നർത്ഥമുള്ള “ഒക്സിയോസ്” വിളികൾ ഉയർന്നു. കൊല്ലം ഭദ്രാസനത്തിന്റെ മെത്രാപോലീത്തയായി നിയോഗം,
അനേകം സ്കൂളുകൾ, കോളേജുകൾ, സന്യാസ-ആശ്രമ പ്രസ്ഥാനങ്ങൾ, കോൺവെന്റുകൾ, ഹോസ്പിറ്റലുകൾ തുടങ്ങി അനവധി പ്രസ്ഥാനങ്ങൾക്ക്
കാരണഭൂതനായി. 1980 ലെ മലങ്കര അസോസിയേഷൻ മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പൊലീത്തയെ മലങ്കര മെത്രാപ്പോലീത്തയുടെ പിൻഗാമിയായി തെരഞ്ഞെടുത്തു. 1991 എപ്രിൽ 29 തിങ്കളാഴ്ച “മോറാൻ മോർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ്
ദ്വിതീയൻ” എന്ന നാമം സ്വീകരിച്ചുകൊണ്ട് ഭാരത ക്രൈസ്തവ സഭയുടെ മാർത്തോമ്മാ സിംഹാസനത്തിൽ 89 -മത്തെ പിൻഗാമിയായും,
മലങ്കര ഓർത്തഡോക്സ് സഭയുടെ 6-ാം കാതോലിക്കായായി സ്ഥാനാരോഹണം ചെയ്തു. ഭാരതത്തിലെ പരമോന്നത നീതിപീഠം നിയോഗിച്ച
ജഡ്ജിയുടെ മേൽനോട്ടത്തിൽ നടത്തിയ മലങ്കര അസോസിയേഷൻ വീണ്ടും തെരഞ്ഞെടുത്ത പരിശുദ്ധ പിതാവ് കാതോലിക്കായും മലങ്കര
മെത്രാപൊലീത്തയും ആയി സുദീർഘമായ പതിനാലര വർഷം ഈ സഭയെ നയിച്ചശേഷം 2005 ഒക്ടോബർ 29-നു
ശനിയാഴ്ച വാർധക്യസഹജമായ ക്ഷീണംമൂലം സ്ഥാനത്യാഗം ചെയ്തുകൊണ്ട് തന്റെ പിൻഗാമിയായി ” മോറാൻ മാർ ബസേലിയോസ് ദിദിമോസ് പ്രഥമൻ” ബാവയെ വാഴിച്ചു.
ജീവിതംകൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും ഉപദേശങ്ങൾ കൊണ്ടും കേരള
നഭോമണ്ഡലത്തെ പ്രദീപ്തമാക്കിയ പ്രകാശഗോപുരമായിരുന്നു മാത്യൂസ് ദ്വിതീയൻ ബാവാ.
മലങ്കര സഭാ പാരമ്പര്യത്തില്‍ മണ്മറഞ്ഞ ശ്രേഷ്ഠ മഹാപുരോഹിതന്മാരുടെ സ്മരണയും മധ്യസ്ഥതയും സഭയ്ക്ക് എന്നും അനുഗ്രഹവും
അതിലൂടെ അവരുടെ ജീവിതം വളർന്നുവരുന്നതായ തലമുറയ്ക്ക് മാതൃകയും അനുകരണീയവുമാണ്.കാലയവനികയ്ക്ക് അപ്പുറത്തേക്കു
കടന്നുപോയെങ്കിലും സഭാമണ്ഡലത്തിൽ ജ്വലിക്കുന്ന ജ്യോതിസുകളാണ് ഈ പുണ്യപിതാക്കന്മാർ.
പരിശുദ്ധ മാത്യൂസ് ദ്വിതീയൻ ബാവാ മലങ്കര സഭയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ ധീരമായ നേതൃത്വത്തോടെ ഈ സഭയെ നയിച്ച്,
ദൈവത്തിന്റെ പ്രവാചകനായ മോശ യിസ്രയേൽ ജനത്തെ മിസ്രേമ്യ ദാസ്യത്തിൽ നിന്നും വിടുവിച്ചതുപോലെ സഭയെ വൈദേശിക മേധാവിത്വത്തിൽ
നിന്നു വിടുവിക്കുവാൻ കഠിനമായി പരിശ്രമിച്ചു.
ആധ്യാത്മികതയും, വ്രതനിഷ്ഠയും സ്വജീവിതത്തിൽ പിന്തുടരുകയായിരുന്നു. പ്രായാധിക്യത്തിലും, രോഗഗ്രസ്തനായപ്പോഴും നോമ്പിനും
ഉപവാസത്തിനും ഒട്ടും ലാഘവം വരുത്തുവാൻ തയ്യാറല്ലായിരുന്നു. ’പ്രാർഥനാ ’ എന്ന വാക്കിനെക്കാൾ അദ്ദേഹം ഇഷ്ടപ്പെടുന്നതു
’നമസ്കാരം’ എന്നായിരുന്നു.
വേദി മനസിലാക്കി പ്രസംഗിക്കുവാനുള്ള തിരുമേനിയുടെ കഴിവ് അപാരമായിരുന്നു. അപ്പോൾ തിരുമനസ്സിലെ മുഖശോഭ കൂടും; ശബ്ദം ഉയരും.

ഉന്നതനായതാപസശ്രേഷ്ഠൻ, നിർമലമാനസനായ ദൈവഭക്തൻ, ധിഷണാശാലിയായ ഭരണാധികാരി, ഓർത്തഡോക്സ് ദൈവശാസ്ത്രത്തിന്റെ ആഴം കണ്ടെത്തിയ ദാർശനികൻ, പ്രഗത്ഭനായ പ്രഭാഷകൻ, വിദ്യാഭ്യാസ വിചക്ഷണൻ തുടങ്ങി വിവിധ നിലകളിലെല്ലാം ഭാരതചരിത്രത്തിൽ “ഏയ്ജൽ ബാവ” ഒരു വെള്ളി നക്ഷത്രമായി ജ്വലിച്ചു നില്ക്കുന്നു.

Advertisement