സുഗതന്‍ ശൂരനാട്

ശുചിത്വവും ആരോഗ്യ ചിന്തകളും (മര്യാദകളും )

തീരെ ചെറിയ ക്‌ളാസുകൾ മുതൽ കുട്ടികൾ പഠിക്കേണ്ട, അനുവർത്തിക്കേണ്ട ശീലങ്ങളാണ് ശുചിത്വവും ആരോഗ്യ അറിവുകളും. അത് വീട്ടിൽ തന്നെ തുടങ്ങേണ്ടതും എന്നാൽ പാഠപുസ്തകത്തിൽ അതിന്റെ ശാസ്ത്രീമായ അറിവുകളും നേട്ടങ്ങളും കോട്ടങ്ങളും ഉൾപ്പെടുത്തുകയും വേണം.ചെറുപ്പ കാലത്ത് കുട്ടികൾ ശീലിക്കുന്ന ദിനചര്യകൾ ഭാവിയിൽ അവന്റെ വ്യക്തിത്വ രൂപീകരണത്തിലും ആരോഗ്യ കാര്യത്തിലും കാര്യമായ സ്വാധീനം ചെലുത്തുമെന്നുള്ളത് നിസ്തർക്കമായ വസ്തുതയാണ്.


നല്ല വിദ്യാഭ്യാസത്തോടൊപ്പം നല്ല ആരോഗ്യവും കുട്ടികൾക്ക് അത്യന്താപേക്ഷിതമാണ്. എന്നാൽ ബഹുഭൂരിപക്ഷം കുട്ടികളും ഈ കാലഘട്ടത്തിൽ തങ്ങളുടെ ആരോഗ്യ കാര്യത്തിലും ഭക്ഷണകാര്യത്തിലും അജ്ഞരും അലസരുമാണ്.പുതിയ ഭക്ഷ്യ സംസ്കാരം നമ്മുടെ പുതിയ തലമുറയെ നിത്യ രോഗികളാക്കി മാറ്റിക്കൊണ്ടിക്കുകയാണ്.ഫാസ്റ്റ് ഫുഡ്‌ ഏറ്റവും വലിയ ഇഷ്ട ഭക്ഷണമായി കരുതുന്നവരാണ് തൊണ്ണൂറ് ശതമാനം കുട്ടികളും. അതിനാൽ തന്നെ പുതു തലമുറയെ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് മലാശയ ക്യാൻസറാണെന്ന ആരോഗ്യ വിധഗ്ദരുടെ വെളിപ്പെടുത്തൽ വളരെ ഗൗരവത്തോടെ കാണണം. നല്ല ഭക്ഷണം തെരെഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയും, പ്രാധാന്യവും മറിച്ചുള്ളത്തിന്റെ പ്രത്യാഘാതവും കുട്ടികൾ അറിഞ്ഞിരിക്കണം.
അതിനായി വിദഗ്ധരുടെ വിവരണങ്ങൾ ചെറിയ ക്‌ളാസിലെ പാഠപുസ്തകങ്ങളിൽ തന്നെ ഉൾപ്പെടുത്തുവാൻ കഴിയണം .

🌺ലഹരിയുടെ ഉപയോഗവും താളം തെറ്റുന്ന തലമുറയും

വിദ്യാർത്ഥികളുടെ ലഹരി ഉപയോഗവും ക്രയവിക്രയവും ഇപ്പോൾ നിത്യ സംഭവങ്ങളായി മാറികഴിഞ്ഞു. നമ്മുടെ കുട്ടികളെ പല വിധത്തിലും സ്വാധീനിക്കുവാൻ ലഹരി മാഫിയ വല വീശികഴിഞ്ഞു. അതിനെ തടയുവാൻ നമ്മുടെ എക്‌സൈസ് വകുപ്പും പൊതു സമൂഹവും കിണഞ്ഞു പരിശ്രമിച്ചിട്ടും ഇതിന്റെ വ്യാപനം കൂടി വരുന്നതല്ലാതെ കുറയുന്നില്ല എന്നതാണ് വാസ്തവം.

ഇതിന്റെ വ്യാപനത്തിൽ ഏറ്റവും കൂടുതൽ വാഹകരായിട്ടുള്ളത് കേരളത്തിനകത്തും പുറത്തുമുള്ള പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവരാണെന്നുള്ളതാണ് വസ്തുത.ഇപ്പോൾ സ്കൂൾ കുട്ടികളും ഉണ്ടെന്നാണ് അറിവ്. ഈ അടുത്ത സമയത്ത് ഒരു സ്‌കൂളിന് മുൻപിൽ വെച്ച് രണ്ട് പെൺകുട്ടികൾ ബൈക്കിലെത്തിയ ആളുടെ പക്കൽ നിന്നും സാധനം വാങ്ങുന്നതും അതിന്റെ തുക കൊടുക്കുന്നതും ഒരു വീഡിയോയിലൂടെ കാണാൻ കഴിഞ്ഞു.

ഒരു ഹയർ സെക്കണ്ടറി പ്രിൻസിപ്പാളിന്റെ ശബ്ദ സന്ദേശത്തിൽ കേൾക്കാൻ കഴിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. അവർ നടത്തിയ അന്വേഷണത്തിലും അഭിമുഖീകരിച്ച വിഷയങ്ങളിലും അനുഭവിച്ച് അറിയാൻ കഴിഞ്ഞത് സ്കൂളിലെ തൊണ്ണൂറ് ശതമാനം കുട്ടികളും ഇതിന്റെ വാഹകരോ ഉപഭോക്താക്കളോ ആണെന്നാണ്. ഇത് ഒരു വരുമാന മാർഗമായി കാണുന്ന കുട്ടികളും അവരെ സപ്പോർട്ട് ചെയ്യുന്ന രാഷ്ട്രീയ സംഘടനകളും ഉണ്ടെന്നാണ് ടീച്ചർ ആ സംഭാഷണത്തിൽ പറയാതെ പറഞ്ഞത്. ഇത് ഒരു സ്കൂളിന്റെ വിഷയമാണെങ്കിൽ ഇത് തന്നെയാണ് മറ്റ് സ്‌കൂളുകളിലും നടക്കുന്നത്.


കേരളത്തെ ഒന്നാകെ ബാധിച്ചിരിക്കുന്ന ഈ ദുരന്തത്തെ എന്ത് വിലകൊടുത്തും പ്രതിരോധിക്കേണ്ടത് നമ്മുടെ ഏവരുടെയും ഉത്തരവാദിത്വമാണ് .
അതിന് മുന്നോടിയായി ഇതിന്റെ ദൂഷ്യ വശങ്ങൾ വരച്ചു കാട്ടി പുതു തലമുറയെ രക്ഷിക്കണം. അതിനായി യൂ പി ക്ലാസുകളിലെങ്കിലും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം മൂലം തിക്ത ഫലങ്ങൾ അനുഭവിച്ച, അതിൽ നിന്നും മുക്തനായ, ഒരു വ്യക്തിയുടെ ജീവചരിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്താം.

LEAVE A REPLY

Please enter your comment!
Please enter your name here